'ഉറക്ക ഗുളിക കഴിച്ചാണ് ആ രാത്രി ഉറങ്ങിയത്'- ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് ശുബ്മാന്‍ ഗില്‍
മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയപ്പോള്‍ യുവതാരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന ഗില്ലിന് പിന്നീടുള്ള മൂന്ന് മത്സരത്തിലും അവസരം ലഭിച്ചു. ഗാബയില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി 91 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയത് ശുബ്മാന്‍ ഗില്ലായിരുന്നു. 21കാരനായ താരത്തിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലഭിച്ചത്. ഇപ്പോഴിതാ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യുവ ഓപ്പണര്‍.
'അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ഔട്ടായത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. കാരണം എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു. വിലയിരുത്താനുള്ള സമയം പോലും ലഭിച്ചില്ല. വളരെ മികച്ച നിലയിലായിരുന്നു ഞങ്ങള്‍ എന്നാല്‍ ഒരു മണിക്കൂറുകൊണ്ട് എല്ലാം മാറി മറിഞ്ഞു. പിറ്റേന്ന് വന്ന വാര്‍ത്തകളിലൊന്നിലെ തലക്കെട്ട് 'ദി ഗ്രേറ്റ് അഡ്‌ലെയ്ഡ് കൊളാപ്‌സ്' എന്നായിരുന്നു. ഞാനത് വായിച്ചു. ഈ പരമ്പര ഇങ്ങനെ തകര്‍ച്ചയുടെ വാര്‍ത്ത ആയി ആകരുത് ഓര്‍മ്മിക്കപ്പെടേണ്ടതെന്ന് ഞാന്‍ ആഗ്രഹിച്ചു'-ഗില്‍ പറഞ്ഞു.

അഡ്‌ലെയ്ഡിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ മെല്‍ബണില്‍ എനിക്ക് അവസരം ലഭിക്കുമെന്ന് എനിക്കറിയാമായിരുന്നു. അരങ്ങേറ്റ മത്സരത്തിന്റെ രാത്രി ഉറക്കം വരാത്തതിനാല്‍ ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങിയത്. അടുത്ത പ്രഭാതതത്തില്‍ ഞങ്ങള്‍ ആദ്യം ഫീല്‍ഡ് ചെയ്യുകയായിരുന്നു. വൈകുന്നേരം ഞാന്‍ നേരിട്ട ആദ്യ 10-12 പന്തുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കളിക്കുന്നത് അന്താരാഷ്ട്ര മത്സരവും നേരിടുന്നത് ലോകോത്തര ബൗളര്‍മാരെയുമാണെന്ന് ഓര്‍ത്ത് അഭിമാനം തോന്നി. അതിന് ശേഷം മത്സരത്തില്‍ കൃത്യമായി ശ്രദ്ധിക്കണമെന്ന് എനിക്ക് ഞാന്‍ തന്നെ ആത്മവിശ്വാസം നല്‍കി-21കാരനായ താരം പറഞ്ഞു.
അരങ്ങേറ്റ മത്സരത്തില്‍ 45 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 35 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ മെല്‍ബണില്‍ ജയിച്ചു. സിഡ്‌നിയിലും രോഹിതിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഗില്ലിനായി. ഓപ്പണറെന്ന നിലയില്‍ രോഹിതിനെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കാന്‍ യുവ ഓപ്പണര്‍ക്കായി.
ഇംഗ്ലണ്ടിനെതിരായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ഗില്ലിന് ഓപ്പണറായി അവസരം ലഭിച്ചേക്കും. മായങ്ക് അഗര്‍വാള്‍,പൃത്ഥ്വി ഷാ തുടങ്ങിയവരൊക്കെ ഓപ്പണിങ് പൊസിഷനിലേക്ക് അവസരം തേടുന്നതിനാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തേണ്ടത് ഗില്ലിന് അത്യാവശ്യമാണ്. പരിമിത ഓവറില്‍ അവസരം ലഭിച്ചപ്പോള്‍ ഗില്ലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യയുടെ ലോകകപ്പിനായുള്ള ടി20 ടീമില്‍ ഇടം പിടിക്കുകയാവും ഗില്ലിന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications