
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലായിരുന്നു ഇന്ത്യന്‍ നിരയിലെ നാലാം നമ്പര്‍ പോരായ്മ കൂടുതല്‍ വെളിവായത്. എന്തായാലും ഇപ്പോള്‍ ഈ ആശയക്കുഴപ്പമില്ല. നാലാം നമ്പറില്‍ നങ്കൂരമിട്ടു നില്‍ക്കാന്‍ കഴിയുമെന്ന് ശ്രേയസ് അയ്യര്‍ തെളിയിച്ചുകഴിഞ്ഞു. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ദാരുണമായി ഇന്ത്യ തോറ്റെങ്കിലും അയ്യറുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.

'ഒരു വര്‍ഷത്തോളമായി ഞാന്‍ നാലാമനായി ഇറങ്ങുന്നു. ടീമില്‍ ഇത്രയും കാലം ഒരേ സ്ഥാനത്ത് കളിക്കുന്ന സ്ഥിതിക്ക് നാലാം നമ്പര്‍ ഞാന്‍ ഉറപ്പിച്ചെന്നു പറയാം', ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ശ്രേയസ് അയ്യര്‍ അറിയിച്ചു. ഇതേസമയം, ടീം ആവശ്യപ്പെട്ടാല്‍ ഏതു പൊസിഷനില്‍ കളിക്കാനും അയ്യര്‍ തയ്യാറാണ്. സാഹചര്യം അനുസരിച്ച് ഏതു നമ്പറില്‍ ഇറങ്ങാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന ആത്മവിശ്വാസം താരത്തിനുണ്ട്.

നേരത്തെ, ലോകകപ്പിന് ശേഷമുള്ള കരീബിയന്‍ പര്യടനത്തില്‍ ഉടനീളം അഞ്ചാം നമ്പറിലാണ് അയ്യര്‍ കളിച്ചത്. അന്ന് നായകന്‍ കോലിയുടെ പ്രശംസ താരം പിടിച്ചുപറ്റിയിരുന്നു. 'കോലിയില്‍ നിന്നും പ്രശംസ നേടുക ചില്ലറക്കാര്യമല്ല. എന്നെപ്പോലുള്ള യുവതാരങ്ങള്‍ക്ക് വിരാട് കോലിയാണ് റോള്‍ മോഡല്‍. ഓരോ മത്സരത്തിനിറങ്ങുമ്പോഴും അരങ്ങേറ്റക്കാരന്റെ ആവേശമാണ് കോലിയില്‍ കാണാറ്. അദ്ദേഹം ഒരിക്കലും തളരാറില്ല. കളത്തില്‍ ഉര്‍ജ്ജസ്വലതയോടെ നിറഞ്ഞുനില്‍ക്കും. വിരാട് കോലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്', ശ്രേയസ് അയ്യര്‍ പറഞ്ഞു.

2015 -ലെ ഐപിഎല്‍ അരങ്ങേറ്റത്തെക്കുറിച്ചും ശ്രേയസ് അയ്യര്‍ പരാമര്‍ശിക്കുന്നുണ്ട്. അന്ന് ചൂണ്ടുവിരലിന് പരിക്കേറ്റിട്ടും 439 റണ്‍സ് താരം നേടുകയുണ്ടായി. ആ സീസണില്‍ വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്കുള്ള 'എമേര്‍ജിങ് പ്ലെയര്‍' പുരസ്‌കാരവും അയ്യറാണ്് കൊണ്ടുപോയത്. 'സീസണ്‍ മൂന്നാം മത്സരത്തിലാണ് വിരലിന് പരിക്കേല്‍ക്കുന്നത്. ഇതുകാരണം കളിക്കാന്‍ കഴിയുമോ എന്നു ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഡല്‍ഹി പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ എന്തുവിധേനയും ബാറ്റു ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ടീമിന് എന്നെ ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ എവിടെയെങ്കില്‍ മാറിനിന്നോളൂ. പക്ഷെ ബാറ്റു ചെയ്യണമെന്ന് ഗാരി കിര്‍സ്റ്റന്‍ ആവശ്യപ്പെട്ടു', ശ്രേയസ് അയ്യര്‍ ഓര്‍ത്തെടുത്തു.

2018 -ല്‍ ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നായകസ്ഥാനത്തേക്ക് അയ്യര്‍ കടന്നുവരുന്നത്. താരത്തിന് കീഴില്‍ പ്ലേ ഓഫ് യോഗ്യത നേടിയ ഡല്‍ഹി കഴിഞ്ഞ ഏഴു സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷം ഐപിഎല്‍ കിരീടത്തിലാണ് ശ്രേയസ് അയ്യറുടെയും സംഘത്തിന്റെയും നോട്ടം. 'ഐപിഎല്‍ എന്നു നടക്കുമെന്നും എങ്ങനെ നടക്കുമെന്നും അറിയില്ല. എന്നാല്‍ ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല', ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.


Click it and Unblock the Notifications