Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശ്രേയസ് അയ്യറെ വീണ്ടും തഴഞ്ഞു! പിന്നിൽ ഗംഭീറും അഗാർക്കറും? ഇവർ ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കും

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകൾ ഇല്ലാത്ത നേട്ടം കൈമുതലായുള്ള താരമാണ് ശ്രേയസ് അയ്യർ. മൂന്ന് ഫോർമാറ്റുകളിലായി വലിയ നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒക്കെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിലെ സൈലന്റ് കില്ലർ കൂടിയായിരുന്നു ശ്രേയസ് അയ്യർ. മികച്ച ഫോമിലാണ് ഇപ്പോഴും താരം ബാറ്റ് വീശുന്നത്.

എന്നാൽ ശ്രേയസ് അയ്യറിന് ഇക്കുറി ഇംഗ്ലണ്ട് പര്യടനത്തിൽ സ്ഥാനം കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്തെന്നാൽ ഇതിന് മുന്നോടിയായി നടക്കുന്ന എ ടീമിന്റെ മത്സരങ്ങളിലേക്ക് താരത്തെ പരിഗണിച്ചിട്ടില്ല എന്നതാണ് ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്ന കാര്യം. കുറച്ച് കാലമായി ടെസ്‌റ്റ് കളിക്കാത്ത സാഹചര്യത്തിൽ ശ്രേയസിനെ എ ടീമിന്റെ ഭാഗമായി പരീക്ഷിക്കും എന്നായിരുന്നു ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.

agarkarandgambhiriyer

പക്ഷേ ഇത് നടക്കില്ലെന്നാണ് ഇന്നലത്തെ ടീം പ്രഖ്യാപനത്തോടെ ബോധ്യമായിരിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും മികച്ച ഫോമിലുള്ള അയ്യറിനെ പോലെയുള്ള താരത്തെ മാറ്റി നിർത്തുന്നതിലൂടെ ബിസിസിഐ എന്ത് സന്ദേശമാണ് യുവതാരങ്ങൾക്ക് നൽകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് നായകനായ ശ്രേയസ് ടീമിനെ പ്ലേ ഓഫിന്റെ അടുത്തെത്തിച്ച സാഹചര്യമാണ് ഉള്ളത്.

പട്ടൗഡി ട്രോഫിക്ക് കീഴിലാണ് എ ടീം ഇംഗ്ലണ്ടിൽ കളിക്കാനൊരുങ്ങുന്നത്. രണ്ട് ഹെവിവെയ്റ്റ് ക്രിക്കറ്റ് രാജ്യങ്ങൾ തമ്മിലുള്ള അഞ്ച് ടെസ്‌റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായാണ് എ ടീം കളിക്കുന്നത്. ഇന്ത്യ 'എ' ടീം ഇംഗ്ലണ്ട് ലയൺസിനെതിരെ കാന്റർബറിയിലും നോർത്താംപ്ടണിലും രണ്ട് ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളും സീനിയർ ടീമിനെതിരെ ഒരു ഇൻട്രാ-സ്ക്വാഡ് മത്സരവും കളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

18 അംഗ ടീമിനെ കൊൽക്കത്തയുടെ അഭിമന്യു ഈശ്വരനാണ് നയിക്കുക, ധ്രുവ് ജുറൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിനൊപ്പം ചേരും. ആദ്യ നാല് ദിവസത്തെ മത്സരം മെയ് 30 മുതൽ നടക്കും, തുടർന്ന് രണ്ടാം മത്സരം ജൂൺ 6നും, ഇൻട്രാ സ്ക്വാഡ് മത്സരം ജൂൺ 13നും നടക്കും.

ഈ ടീമിലാണ് ശ്രേയസ് പരിഗണയ്ക്കപ്പെടുമെന്ന് എല്ലാവരും കരുതിയത്. എന്നാൽ ഈ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ടീം പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ശക്തമാണ്. എ ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാത്ത കോച്ച് ഗൗതം ഗംഭീറിനും സെലക്‌ടർ അജിത് അഗർക്കാറിനും എതിരെയാണ് രോഷം പൊന്തുന്നത്.

ഇരുവരും ചേർന്ന് ടീമിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ശ്രേയസ് അയ്യരിനെ പോലെയുള്ള ഒരു മികച്ച താരത്തെ എന്തിന്റെ പേരിലായാലും മാറ്റി നിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് വിരാട് കോലിയും രോഹിത് ശർമ്മയും ഒരുമിച്ച് പടിയിറങ്ങിയ സാഹചര്യത്തിൽ നാലാം നമ്പറിൽ കൂടുതൽ കരുത്തനായ താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് പരക്കെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ ചോദ്യമുന ഉയരുന്നത് ഗംഭീറിനും അഗർക്കാർക്കും നേരെ തന്നെയാണ്. നേരത്തെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ശ്രേയസിനെ കുറച്ച് കാലം പുറത്തിയിരുന്നു. എന്നാൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയ താരം മികച്ച ഫോമിലാണ്. ബിസിസിഐ മാനേജ്‌മെന്റ് ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കും എന്നാണ് ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇനി സീനിയർ ടീമിലും ഇടമില്ലെങ്കിൽ ശ്രേയസിന്റെ ടെസ്‌റ്റ് ക്രിക്കറ്റ് ഭാവി എന്താവുമെന്ന് കണ്ടറിയണം.

Story first published: Saturday, May 17, 2025, 9:27 [IST]
Other articles published on May 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+