ഐപിഎൽ 2026ലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആവേശകരമായ വിജയം നേടിയെങ്കിലും പഞ്ചാബ് കിങ്‌സ് ക്യാമ്പിൽ ഇപ്പോൾ സന്തോഷത്തിനൊപ്പം ആശങ്കയും പുകയുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്ലോ ഓവർ റേറ്റ് (Slow Over-rate) നിയമം ലംഘിച്ചതിന് നായകൻ ശ്രേയസ് അയ്യർക്കും മുഴുവൻ ടീം അംഗങ്ങൾക്കും ഐപിഎൽ ഗവേണിംഗ് കൗൺസിൽ കനത്ത പിഴ ശിക്ഷ വിധിച്ചു. വിജയത്തിന്റെ ആവേശം നിലനിൽക്കെ തന്നെ അച്ചടക്ക നടപടി നേരിടേണ്ടി വന്നത് പഞ്ചാബിന് വലിയ തിരിച്ചടിയായി.
IPL 2026: സഞ്ജു ഫ്ലോപ്പ്, ക്യാപ്റ്റന് ഫയറില്ല, ബൗളിങ് വട്ടപ്പൂജ്യം; ചെന്നൈ കപ്പൽ മുങ്ങുന്നോ?
അയ്യർക്ക് 24 ലക്ഷം പിഴ; ടീമിനും രക്ഷയില്ല!
ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലും സ്ലോ ഓവർ റേറ്റിന് അയ്യർ ശിക്ഷിക്കപ്പെട്ടിരുന്നു. ഇത് സീസണിലെ രണ്ടാമത്തെ നിയമലംഘനമായതിനാൽ ഇത്തവണ ശിക്ഷ കടുപ്പമേറിയതായി. ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. കൂടാതെ ടീമിലെ മറ്റ് 11 കളിക്കാർക്കും (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ) 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകണം. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ഈ നടപടി.

ഇനി ഒരു തവണ കൂടി ഈ തെറ്റ് ആവർത്തിച്ചാൽ ശ്രേയസ് അയ്യർക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും എന്നത് പഞ്ചാബ് ക്യാമ്പിനെ ഭയപ്പെടുത്തുന്നുണ്ട്. നായകൻ എന്ന നിലയിൽ ഫീൽഡ് നിയന്ത്രിക്കുന്നതിലെ പാളിച്ചയാണോ അതോ ചെന്നൈയിലെ കടുത്ത ചൂടാണോ ഇതിന് കാരണം എന്ന ചർച്ചകൾ സജീവമാണ്. ഇപ്പോൾ 24 ലക്ഷം രൂപയാണ് ശ്രേയസിൽ നിന്നും പിഴ ചുമത്തിയിരിക്കുന്നത്. ഇനിയും ഈ തെറ്റ് ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്നും വിലക്കും 30 ലക്ഷം രൂപ പിഴയും അയ്യർക്ക് നേരിടേണ്ടി വരും.
ചെപ്പോക്കിൽ പഞ്ചാബ് പടയോട്ടം; പതറി ചെന്നൈ!
അച്ചടക്ക നടപടികൾ ഒരു വശത്ത് നടക്കുമ്പോഴും കളിക്കളത്തിൽ പഞ്ചാബ് വൻ കുതിപ്പാണ് നടത്തിയത്. ചെന്നൈ ഉയർത്തിയ 209 റൺസ് എന്ന കൂറ്റൻ സ്കോർ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. നായകൻ ശ്രേയസ് അയ്യർ തന്നെ മുന്നിൽ നിന്ന് നയിച്ചു (29 പന്തിൽ 50). ചെന്നൈ നിരയിൽ യുവതാരം ആയുഷ് മാത്രേ (43 പന്തിൽ 73), ശിവം ദുബെ (45*) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും പഞ്ചാബിന്റെ ബാറ്റിംഗ് കരുത്തിന് മുന്നിൽ അത് പോരാതെ വന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സിനെ സംബന്ധിച്ച് ഇത് വലിയൊരു തകർച്ചയുടെ സൂചനയാണ്. ബാറ്റിംഗിൽ റൺസ് കണ്ടെത്തിയെങ്കിലും ബൗളിംഗിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാത്തതും ഡെത്ത് ഓവറുകളിൽ റൺസ് ചോരുന്നതും റുതുരാജിനെ വലയ്ക്കുന്നു. സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയതും ചെന്നൈ ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.