Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവ് സൂര്യവംശിയുടെ നിഴലിലോ ജയ്‌സ്വാൾ ? റോയൽസ് വിടാൻ സമയമായോ? ചർച്ച കൊഴുക്കുന്നു!

കഴിഞ്ഞ ആറ് വർഷമായി രാജസ്ഥാൻ റോയൽസിന്റെ ഭാവി വാഗ്ദാനമായി വാഴ്ത്തപ്പെട്ടിരുന്ന താരമാണ് യശസ്വി ജയ്‌സ്വാൾ. 2020 ഐപിഎൽ ലേലത്തിൽ മുംബൈയുടെ ഈ യുവ ബാറ്ററെ രാജസ്ഥാൻ സ്വന്തമാക്കുമ്പോൾ വെറുതെ കണ്ണും പൂട്ടി എടുത്ത ഒരു ബെറ്റായിരുന്നില്ല അത്. അണ്ടർ-19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെയും ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടയിലൂടെയും ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർ താരമാകും ജയ്‌സ്വാൾ എന്ന് ഉറപ്പിച്ചതിന് ശേഷമായിരുന്നു. രാജസ്ഥാൻ റോയൽസ് വിതച്ച ആ വിത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർക്ക് കൃത്യമായ വിളവാണ് നൽകിയതും.

ഉത്തർപ്രദേശിൽ ജനിച്ച് മുംബൈയിലൂടെ വളർന്ന ഈ ഇടംകൈയ്യൻ ഓപ്പണർ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി മാറുകയും, ഇന്ത്യൻ ടീമിലെ മൂന്ന് ഫോർമാറ്റിലും തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ഐപിഎൽ 2026 സീസൺ അവസാനിക്കുമ്പോൾ ക്രിക്കറ്റ് ലോകത്ത് ഒരു പുതിയ ചോദ്യം ഉയർന്നുവരുന്നു: യശസ്വി ജയ്‌സ്വാൾ രാജസ്ഥാൻ റോയൽസ് വിടണോ? ജയ്‌സ്വാളിന്റെ കളിമികവിൽ ആർക്കെങ്കിലും സംശയമുള്ളത് കൊണ്ടല്ല ഈ ചോദ്യം ഉയരുന്നത്. മറിച്ച്, ബിഹാറിൽ നിന്നുമുള്ള വൈഭവ് സൂര്യവംശി എന്ന 15 വയസ്സുകാരൻ അത്ഭുത ബാലന്റെ അപ്രതീക്ഷിത വളർച്ച രാജസ്ഥാൻ ക്യാമ്പിലെ സമവാക്യങ്ങളെ ഒന്നടങ്കം മാറ്റിമറിച്ചതു കൊണ്ടാണ്.

yashasvijaiswal-vaibhavsooryavanshi-1

സൂര്യവംശി തരംഗവും മാറിയ ലൈംലൈറ്റും!

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പൺ ചെയ്ത വൈഭവ് സൂര്യവംശി ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മാസ്മരിക പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവെച്ചത്. സീസണിൽ 776 റൺസ് അടിച്ചുകൂട്ടിയ ഈ 15-കാരൻ ഓറഞ്ച് ക്യാപ്പും മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരവും സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്റെ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡും താരം തകർത്തു. വെറും 237.31 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യവംശിയുടെ ബാറ്റിംഗ് വെടിക്കെട്ട്!

ഇതോടെ രാജസ്ഥാൻ റോയൽസ് എന്ന ഫ്രാഞ്ചൈസി സൂര്യവംശിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. സോഷ്യൽ മീഡിയയും ബ്രോഡ്കാസ്റ്റർമാരും ഈ കൗമാരക്കാരന് ചുറ്റും കളം നിറഞ്ഞപ്പോൾ, അതുവരെ രാജസ്ഥാന്റെ പ്രധാന ആകർഷണമായിരുന്ന ജയ്‌സ്വാളിലേക്ക് ക്യാമറക്കണ്ണുകൾ എത്തുന്നതു കുറഞ്ഞു. 2026 സീസണിൽ ജയ്‌സ്വാൾ 427 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സൂര്യവംശിയുടെ അമാനുഷിക ഫോമിന് മുന്നിൽ അത് നിഷ്പ്രഭമായിപ്പോയി. ആദ്യമായി ജയ്‌സ്വാൾ ടീമിലെ രണ്ടാമത്തെ ഓപ്ഷനായി മാറുന്ന കാഴ്ചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

ക്യാപ്റ്റൻസി തീരുമാനവും ടീം ഇന്ത്യയിലെ ട്രാഫിക് ബ്ലോക്കും

രാജസ്ഥാൻ റോയൽസിന്റെ ഭാവി പദ്ധതികളിൽ ജയ്‌സ്വാളിന്റെ സ്ഥാനം എവിടെയാണെന്നതിന്റെ സൂചന അവരുടെ പുതിയ ലീഡർഷിപ്പ് തീരുമാനത്തിലൂടെ വ്യക്തമായിരുന്നു. മലയാളി താരം സഞ്ജു സാംസണിന് ശേഷം ടീമിനെ നയിക്കാൻ ഒരു ഇന്ത്യൻ അന്താരാഷ്ട്ര താരമെന്ന നിലയിൽ ജയ്‌സ്വാളിനെ പരിഗണിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് നായകസ്ഥാനം ഏൽപ്പിച്ചത് റിയാൻ പരാഗിനെയാണ്. പരാഗ് ക്യാപ്റ്റനാവുകയും സൂര്യവംശി ടീമിന്റെ മുഖമാവുകയും ചെയ്തതോടെ ജയ്‌സ്വാൾ ടീമിൽ ഒരു വശത്തേക്ക് ഒതുക്കപ്പെട്ടോ എന്ന സംശയം ശക്തമാണ്.

ഇന്ത്യൻ ദേശീയ ടീമിലെ ഇപ്പോഴത്തെ കടുത്ത മത്സരവും ഇതിനൊരു കാരണമാണ്. ടി20 ടീമിന്റെ ക്യാപ്റ്റൻസി റേസിൽ നിന്നും ശുഭ്‌മൻ ഗിൽ പുറത്തായ വാർത്ത പുറത്തുവന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ട്രാഫിക് ബ്ലോക്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. ശ്രേയസ് അയ്യർ, തിലക് വർമ്മ, സായ് സുദർശൻ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം ഇപ്പോൾ സൂര്യവംശിയും ഇന്ത്യൻ ടീമിന്റെ പരിഗണനയിലേക്ക് വരികയാണ്. ഈ സാഹചര്യത്തിൽ ഐപിഎൽ ഫ്രാഞ്ചൈസിയിൽ തനിക്ക് ലഭിക്കുന്ന പ്രാധാന്യവും വലിയ ഘടകമാണ്.

ടീം മാറുന്നത് കരിയർ മാറ്റുമോ?; ചരിത്രം പറയുന്നത്!

മറ്റ് ഫ്രാഞ്ചൈസികളിലേക്ക് മാറി കരിയർ കൂടുതൽ മെച്ചപ്പെടുത്തിയ ഒരുപാട് കളിക്കാർ ഐപിഎൽ ചരിത്രത്തിലുണ്ട്. ആർസിബി വിട്ട് കെ.എൽ രാഹുലും, കൊൽക്കത്തയിൽ നിന്ന് മുംബൈയിലെത്തി സൂര്യകുമാർ യാദവും ലോകോത്തര താരങ്ങളായി മാറി. മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയുടെയും, കെകെആർ വിട്ട് ഗുജറാത്തിന്റെ നായകനായ ശുഭ്‌മൻ ഗില്ലിന്റെയും ചരിത്രം ജയ്‌സ്വാളിന് മുന്നിലുണ്ട്. ജയ്‌സ്വാളിനെപ്പോലൊരു ക്ലാസ്സ് പ്ലെയറെ തങ്ങളുടെ ബാറ്റിംഗ് നിരയുടെ കേന്ദ്രബിന്ദുവാക്കാൻ പല വമ്പൻ ഐപിഎൽ ടീമുകളും വൻ തുകയുമായി രംഗത്തെത്തുമെന്ന കാര്യത്തിൽ സംശയമില്ല. രാജസ്ഥാനായി കളിച്ച 83 മത്സരങ്ങളിൽ നിന്ന് 2,593 റൺസ് ജയ്‌സ്വാൾ നേടിയിട്ടുണ്ട്.

രാജസ്ഥാൻ വിടുന്നത് കരിയറിലെ അബദ്ധമാകുമോ?

എന്നാൽ, മറ്റൊരു യുവതാരം തിളങ്ങി എന്ന ഒറ്റക്കാരണത്താൽ സുരക്ഷിതമായ ഒരു ടീം അന്തരീക്ഷം വിട്ടുപോകുന്നത് ബുദ്ധിശൂന്യതയാണെന്നും ഒരു പക്ഷമുണ്ട്. ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര പരിചയസമ്പത്തും സാങ്കേതിക തികവും, സൂര്യവംശിയുടെ ഭയമില്ലാത്ത ആക്രമിച്ച് കളിക്കാനുള്ള മനോഭാവവും ഒത്തുചേർന്നാൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഓപ്പണിങ് കൂട്ടുകെട്ടായി മാറാൻ ഇവർക്ക് സാധിക്കും.

രാജസ്ഥാൻ റോയൽസിന് നിലവിൽ ഒരു ജയ്‌സ്വാൾ പ്രശ്നമില്ല, മറിച്ച് ഒരേസമയം രണ്ട് ലോകോത്തര യുവ പ്രതിഭകൾ ടീമിലുണ്ടെന്ന സുഖമുള്ള ഒരു പ്രതിസന്ധിയാണുള്ളത്. ഈ രണ്ട് ജനറേഷൻ കളിക്കാരെയും ഒന്നിച്ച് വളർത്താൻ രാജസ്ഥാൻ മാനേജ്‌മെന്റിന് സാധിച്ചാൽ വരും വർഷങ്ങളിൽ ഐപിഎൽ ഭരിക്കാൻ അവർക്കാകും. അതിന് കഴിഞ്ഞില്ലെങ്കിൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയൊരു ട്രാൻസ്ഫർ സ്റ്റോറിക്ക് വരും സീസണുകളിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കേണ്ടി വരും.

Story first published: Wednesday, June 10, 2026, 8:57 [IST]
Other articles published on Jun 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+