വലിയ വിവാദങ്ങൾക്കൊടുവിൽ അരങ്ങേറിയ ഇന്ത്യ പാക് മത്സരത്തിൽ പാകിസ്ഥാനെ ഒന്ന് പൊരുതാൻ പോലും സമ്മതിക്കാതെ ഇന്ത്യ വിജയം കൈവരിച്ചു. ഇതോടെ പാക് ടീമിനെതിരെ വലിയ കുറ്റപ്പെടുത്തലുകൾ എല്ലാ ഭാഗത്ത് നിന്നും വന്നുതുടങ്ങി. അതിൽ പ്രധാനപ്പെട്ടത് മുൻ പാക് പേസർ ശുഐബ് അക്തറിന്റേതാണ്.
2026 ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്തുവിട്ട ഇന്ത്യയുടെ പ്രകടനത്തിന് പിന്നാലെ പാക് ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പേസർ ശുഐബ് അക്തർ. ഇന്ത്യ കിരീടം നിലനിർത്താനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞ അക്തർ, പാകിസ്ഥാന്റെ ദയനീയ കീഴടങ്ങലിനെ കടന്നാക്രമിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ പാകിസ്ഥാനെതിരെ ഇന്ത്യ 7-1 എന്ന റെക്കോർഡ് സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയ ഒമ്പത് മത്സരങ്ങളിൽ ഏഴിലും ഇന്ത്യയ്ക്കാണ് ജയം. ഒരു മത്സരം റിസൽട്ട് ഇല്ലാതെയാവുകയും ഒരു മത്സരം പാകിസ്ഥാൻ വിജയിക്കുകയും ചെയ്തു.

അക്തറിന്റെ രൂക്ഷവിമർശനം:
"മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നമ്മൾ (പാകിസ്ഥാൻ) ഉണ്ടായിരുന്നില്ല. ഷഹീൻ അഫ്രീദി 125 കിലോമീറ്റർ വേഗതയിലാണ് പന്തെറിയുന്നത്. ഇതൊന്നുമല്ല ആധുനിക ക്രിക്കറ്റിന് വേണ്ടത്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയുന്ന താരങ്ങൾ പാക് നിരയിലില്ല. ഒരിക്കൽ നമ്മൾ ഇന്ത്യയോട് മൈതാനത്ത് പൊരുതിയിരുന്നു, എന്നാൽ ഇന്ന് അവരെ തോൽപ്പിക്കുന്നത് സ്വപ്നം കാണാൻ പോലും നമുക്ക് കഴിയില്ല," അക്തർ എബിപി ന്യൂസിനോട് പറഞ്ഞു.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ 'അപ്രാപ്തൻ' എന്നും 'ജാഹിൽ' (വിവരമില്ലാത്തവൻ) എന്നും അക്തർ വിശേഷിപ്പിച്ചു. "ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളാണ് ചെയർമാൻ. ഒരു കളി പോലും ജയിപ്പിക്കാൻ കഴിയാത്ത ഒരാളെ (ബാബർ അസം) നിങ്ങൾ സൂപ്പർസ്റ്റാറാക്കി മാറ്റി. കഴിവില്ലാത്തവർക്ക് ഉത്തരവാദിത്തപ്പെട്ട ജോലി നൽകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം," അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ ചുരുക്കം:
ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെ (40 പന്തിൽ 77) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 175/7 എന്ന സ്കോർ ഉയർത്തി. സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27) എന്നിവരും നിർണ്ണായക സംഭാവന നൽകി. പാകിസ്ഥാന് വേണ്ടി സിയം അയൂബ് മൂന്ന് വിക്കറ്റും സൽമാൻ അലി ആഘ, ഉസ്മാൻ താരിക്ക്, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 13 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഉസ്മാൻ ഖാൻ (44) മാത്രമാണ് പാക് നിരയിൽ അല്പമെങ്കിലും പൊരുതിയത്. ബാബർ അസം (5) ഇത്തവണയും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ പാകിസ്ഥാൻ 114 റൺസിന് ഓൾ ഔട്ടായി.