ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ അതിവേഗ ബൗളര്‍ ഷോയബ് അക്തറും ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ ക്രിക്കറ്റ് മൈതാനത്തു നടത്തുന്ന പോരാട്ടം അതിപ്രശസ്തമാണ്. ഇരുവരും ഉള്‍പ്പെട്ട ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പത്രങ്ങളില്‍ നിറയുന്നത് അക്തര്‍ സച്ചിന്‍ പോരാട്ടമെന്നായിരുന്നു. അക്തര്‍ ഏറ്റവും അധികം ഭയപ്പെട്ട ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു സച്ചിന്‍.
സച്ചിനോടുള്ള സ്‌നേഹവും ബഹുമാനവും പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള അക്തര്‍ക്ക് ഇപ്പോള്‍ സച്ചിന്റെ ടീമില്‍ കളിക്കാനുള്ള ഭാഗ്യവും ഒത്തുവന്നിരിക്കുകയാണ്. വിരമിച്ച കളിക്കാര്‍ക്കുവേണ്ടിയുള്ള ഓള്‍സ്റ്റാര്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗമാണ് അക്തര്‍. സച്ചിനൊപ്പം കളിക്കുന്ന സന്തോഷം അക്തര്‍ മറച്ചുവെക്കാതെ പറയുകയും ചെയ്തു.

ദൈവത്തിനു നന്ദി, ഞാന്‍ സച്ചിന്റെ ടീമിലെത്തിയല്ലോ എന്നായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള അക്തറിന്റെ ആദ്യ പ്രതികരണം. സച്ചിനുവേണ്ടി ഞാനും, എനിക്കുവേണ്ടി സച്ചിനും കളിക്കുന്ന മഹത്തായ ഒരു ദിനത്തിലാണ് എത്തി നില്‍കുന്നത്. സച്ചിന്റെ ഞാന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നും അക്തര്‍ പറഞ്ഞു.
സച്ചിന്‍ മഹാനായ സുഹൃത്തും, മഹാനായ ബാറ്റ്സ്മാനും മികച്ച വ്യക്തിയുമാണെന്ന് അക്തര്‍ പറയുന്നു. സച്ചിന്റെ ക്യാപ്റ്റന്‍സി എത്തരത്തിലുള്ളതാണെന്ന് താന്‍ കണ്ടിട്ടില്ല. തന്നെ എങ്ങിനെ ഉപയോഗപ്പെടുത്തുമെന്നും അറിയില്ല. പക്ഷേ, സച്ചിനുവേണ്ടി മികച്ച രീതിയില്‍ താന്‍ പന്തെറിയുമെന്ന് ഷോയബ് അക്തര്‍ വ്യക്തമാക്കി. സച്ചിന്റെ സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സും, ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സും തമ്മിലുള്ള ആദ്യ മത്സരം ഞായറാഴ്ചയാണ് നടക്കുന്നത്.