കറാച്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഈ മാസം 27ന് ആരംഭിക്കുകയാണ്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. മൂന്ന് മത്സരം വീതമുള്ള ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയുമായി കളിക്കുന്നത്. ഇതില്‍ ഒരു ടെസ്റ്റ് രാത്രിയും പകലുമായാണ് നടക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടം കാണാന്‍ ക്രിക്കറ്റ് ലോകവും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ മികവിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. ഓസ്‌ട്രേലിയക്കെതിരേ വിജയം നേടാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ടെങ്കിലും മധ്യനിരയിലുടെ പ്രകടനമാണ് ആശങ്കയുണ്ടാക്കുന്നതെന്നാണ് അക്തര്‍ പറഞ്ഞത്.
'എന്റെ അഭിപ്രായത്തില്‍ ഓസ്‌ട്രേലിയയില്‍ വീണ്ടും ജയിക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ട്. എന്നാല്‍ അവരുടെ മധ്യനിരയ്ക്ക് തിളങ്ങാനാവണം. അടുത്ത കാലത്തായി അവരുടെ മധ്യനിര ബുദ്ധിമുട്ടുന്നത് ഞാന്‍ കാണുന്നതാണ്. ഞാനടക്കമുള്ള ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം വലിയ ആകാംക്ഷയോടെയാണ് പരമ്പരയെ നോക്കി കാണുന്നത്. രാത്രി പകല്‍ ടെസ്റ്റ് ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒന്നാം ടെസ്റ്റിന്റെ ആദ്യ രണ്ട് ഇന്നിങ്‌സുകള്‍ വ്യക്തമാക്കും എന്താണ് ഈ പരമ്പരയെന്ന്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ'-അക്തര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മൈതാനങ്ങള്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. വേഗവും ബൗണ്‍സും നിറഞ്ഞ ഓസീസ് മൈതാനങ്ങള്‍ എല്ലാ ടീമുകളുടെയും പേടി സ്വപ്‌നമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് പേസ് നിരയില്‍ ഇന്ത്യക്ക് അനായാസ ജയം പ്രതീക്ഷിക്കേണ്ട. അതേ സമയം ഓസീസിന്റെ പേസ് കരുത്തിന് പകരം വെക്കാന്‍ ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ തുടങ്ങി മികച്ച പേസ് കരുത്ത് ഇന്ത്യക്കൊപ്പമുണ്ട്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു.
ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിപ്പോവുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. 2019ല്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത്തവണ ഓസീസ് മണ്ണില്‍ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം. അന്ന് ഇന്ത്യ ഓസീസിനെ കീഴടക്കുമ്പോള്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഓസീസ് നിരയില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് വാര്‍ണര്‍,സ്മിത്ത്,ലാബുഷാനെ തുടങ്ങി മികച്ച താരനിര ഓസീസിനൊപ്പമുണ്ട്.