സൂറത്ത്: ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ അരങ്ങേറ്റത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം നടത്തിയ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ വെടിക്കെട്ട് ബാറ്റിങിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സിക്സര്‍ പായിച്ചാണ് താരം മിന്നിയത്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ പരമ്പരയില്‍ ബൗളിങിലാണ് ദുബെ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. എന്നാല്‍ ബാറ്റിങിലും തന്റെ മികവ് ലോകം അറിയാനിരിക്കുന്നതേയുള്ളൂവെന്ന സൂചനയാണ് മുഷ്താഖ് അലി ട്രോഫിയില്‍ താരം നല്‍കിയത്.
ജാര്‍ഖണ്ഡിനെതിരായ കളിയില്‍ മുംബൈയ്ക്കു വേണ്ടിയായിരുന്നു ദുബെയുടെ വെടിക്കെട്ട് പ്രകടനം. 11 പന്തില്‍ അതിവേഗം 23 റണ്‍സ് അടിച്ചെടുത്ത താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കളിയുടെ 15ാം ഓവറിലാണ് ഉത്കര്ഷ സിങിന്റെ ബൗളിങില്‍ ദുബെ ഒന്നിനു പിറകെ ഒന്നായി തുടര്‍ച്ചയായി മൂന്നു സിക്സറുകള്‍ പറത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ അംഗം കൂടിയാണ് ദുബെ.
മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ ജാര്‍ഖണ്ഡിനെ മുംബൈ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 170 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ അഞ്ചു പന്തും അഞ്ചു വിക്കറ്റും കൈയിലിരിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. 34 പന്തില്‍ അഞ്ചു സിക്സറും നാലു ബൗണ്ടറികളുമടക്കം 64 റണ്‍സ് അടിച്ചെടുത്ത പൃഥ്വി ഷായാണ് മുംബൈയുടെ വിജയശില്‍പ്പി. ദുബെയെക്കൂടാതെ ആദിത്യ താരെയും (21) 20ന് മുകളില്‍ സ്കോര്‍ ചെയ്തു.