പരിക്കേറ്റിട്ടും ധവാനെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ല; വെളിപ്പെടുത്തലുമായി വിരാട് കോലി
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്നും അഞ്ചു പോയന്റുമായി ഇന്ത്യ നാലാം മത്സരത്തിനിറങ്ങുകയാണ്. മാഞ്ചസ്റ്ററിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും കടുത്ത പരിശീലനമാണ് നടത്തുന്നത്. മഴ കളി തടസ്സപ്പെടുത്തുമെന്ന ആശങ്കയുണ്ടെങ്കിലും മഴ പെയ്യില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ പരിക്കുമൂലം വിശ്രമത്തിലാണ്. ധവാന് പകരം കെഎല്‍ രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ഓപ്പണറാകുക. ന്യൂസിലന്‍ഡിനെതിരെ പുതിയ ബാറ്റിങ് പരീക്ഷണം നടത്താമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമൂലം കളി നടക്കാത്തതിനാല്‍ പാക്കിസ്ഥാനെതിരെ ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങള്‍ എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയണം.

എന്തുകൊണ്ട് ധവാനെ ഒഴിവാക്കിയില്ല
ഇതിനിടെ പരിക്കേറ്റ ധവാന് മൂന്നാഴ്ച കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് ടീമില്‍ നിന്നും ഒഴിവാക്കാത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. ഡോക്ടര്‍മാരുടെ പ്രതീക്ഷയേക്കാള്‍ വേഗത്തില്‍ ധവാന്റെ പരിക്കുമാറുമെന്നാണ് കരുതുന്നതെന്ന് കോലി പറയുന്നു. അങ്ങിനെയങ്കില്‍ ലീഗ് മത്സരത്തില്‍ തന്നെ ധവാന് കളിക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നുത്.

ധവാന്റെ ആത്മവിശ്വാസം
പരിക്ക് എളുപ്പം വിട്ടുമാറുമെന്ന ധവാന്റെ ആത്മവിശ്വാസത്തെ കോലി പ്രശംസിക്കുകയും ചെയ്തു. ധവാന് ലോകകപ്പില്‍ കളിക്കണം. അത്തരമൊരു മാനസികാവസ്ഥയാണ് ഒരു കളിക്കാരന് വേണ്ടതും. ധവാന്റെ ആത്മവിശ്വാസം പരിക്ക് വേഗത്തില്‍ വിട്ടുമാറാന്‍ സഹായിക്കുമെന്നും കോലി വ്യക്തമാക്കി. രണ്ടാഴ്ചയോളം ധവാന്‍ പ്ലാസ്റ്ററിടേണ്ടിവരും. ഇതിനുശേഷമായിരിക്കും ധവാന്‍ കളിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത്.

ധവാന് പകരക്കാരനായി ഋഷഭ് പന്ത്
ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചിട്ടുണ്ട്. ധവാന് പകരക്കാന്‍ എന്നതിനേക്കാള്‍ കരുതല്‍ കളിക്കാരന്‍ എന്ന നിലയിലാണ് പന്ത് ഇംഗ്ലണ്ടിലത്തിയിട്ടുള്ളത്. പന്തിന് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ഐസിസിയുടെ അനുവാദം ആവശ്യമാണ്. അങ്ങിനെയെങ്കില്‍ ധവാനെ ഒഴിവാക്കേണ്ടിവന്നേക്കും. ധവാന് പകരമായി ടീമിലെത്തുന്ന കളിക്കാരന്റെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications