ഐസിസി ടൂര്‍ണമെന്റുകളിലെ കിംഗ്..... ആ വിശേഷണം ഇനി ഇന്ത്യന്‍ ഓപ്പണര്‍ക്ക് സ്വന്തം
ലണ്ടന്‍: ഇന്ത്യന്‍ നിരയില്‍ കഴിവുകള്‍ ഏറെയുള്ള താരങ്ങളെ കുറിച്ച് കാലങ്ങളായി പറഞ്ഞ് കേള്‍ക്കാറുണ്ട്. പക്ഷേ അതില്‍ വലിയ വേദികളില്‍ തിളങ്ങുന്ന താരങ്ങള്‍ വളരെ കുറച്ചാണ് ഉള്ളത്. അവിടെ തിളങ്ങുന്നവരെ എല്ലാ കാലത്തും ആരാധകര്‍ ഓര്‍ത്തിരിക്കാറുണ്ട്. താന്‍ അത്തരമൊരു താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഐസിസി ഇവന്റുകള്‍ തന്റെ വീക്കനെസ്സാണെന്ന് ഓവലില്‍ ധവാന്‍ നേടിയ സെഞ്ച്വറി അടിവരയിടുന്നു.
ഇന്ത്യന്‍ ടീമില്‍ എത്തിയ കാലം മുതല്‍ ധവാനെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാറില്ല. ടെസ്റ്റിലെ അരങ്ങേറ്റം മുതല്‍ തന്നെ വിമര്‍ശിക്കുന്നവരെ ഞെട്ടിക്കാനുള്ള ഒരു കഴിവ് ധവാന് എപ്പോഴുമുണ്ട്. ഓസ്‌ട്രേലിയക്കെതിരെയുള്ള സെഞ്ച്വറി തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുകള്‍ ലോകകപ്പില്‍ ധവാന് അവകാശപ്പെടാനുണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ധവാനും ഇതിഹാസമാണ്.

ഐസിസി ടൂര്‍ണമെന്റുകള്‍
ഐസിസി ടൂര്‍ണമെന്റുകള്‍ ധവാന് എന്നുമൊരു വീക്ക്‌നെസ്സാണ്. 19 ഐസിസി ടൂര്‍ണമെന്റ് മത്സരങ്ങളില്‍ നിന്ന് 1121 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 62.28 റണ്‍സ് ശരാശരി. അഞ്ച് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും. ഏത് ഇന്ത്യന്‍താരത്തിനാണ് ഇത്രയും ഗംഭീര റെക്കോര്‍ഡ് ഉള്ളതെന്ന ചോദ്യവും ഉന്നയിക്കാവുന്നതാണ്. ഇന്ത്യന്‍ ഓപ്പണറായി ധവാനെ ഇത്രയും കാലം നിലനിര്‍ത്തിയതും ഈ റെക്കോര്‍ഡുകളാണ്. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ധവാന് പിഴയ്ക്കാറില്ല എന്നാണ് ചരിത്രം.

മോശം ഫോം
സന്നാഹ മത്സരങ്ങളിലെ മോശം പ്രകടനവും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പെട്ടെന്ന് പുറത്തായതും കാരണം ധവാനെ വിമര്‍ശകര്‍ എഴുതി തള്ളിയിരുന്നു. സതാംപ്ടണില്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ പ്രകടനം കൂടി നടത്തിയതോടെ ധവാന്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ അതൊന്നും തന്റെ ശൈലിയെ ബാധിക്കില്ലെന്ന തരത്തിലാണ് ധവാന്‍ ബാറ്റ് വീശിയത്. ഓപ്പണര്‍മാരുടെ ഫോം എക്കാലവും ഇന്ത്യക്ക് നിര്‍ണായകമാണ്. കൃത്യമായ സമയത്ത് തന്നെ ധവാന്‍ ഫോമിലേക്കുയരുകയും ചെയ്തു.

കരിയര്‍ ബെസ്റ്റ്
ധവാന്റെ കരിയര്‍ ബെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നാണ് ഇത്. ഓസ്‌ട്രേലിയക്കെതിരെയുള്ള സെഞ്ച്വറിയായതാണ് അതിന് പ്രധാന കാരണം. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ വമ്പന്‍ എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഇന്ത്യക്ക് വമ്പന്‍ നേട്ടമാണ്. മുന്നോട്ടുള്ള പോക്ക് ഇത് എളുപ്പമാക്കും. മറ്റൊന്ന് ലോകകപ്പില്‍ ഇതുവരെ എട്ട് തവണ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയെ ടീമിന്റെ കടുത്ത എതിരാളിയായിട്ടാണ് അറിയപ്പെടുന്നത്. അവരെ തന്നെ പരാജയപ്പെടുത്തിയതിലൂടെ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ പട്ടവും ഇന്ത്യക്കാണെന്ന് ബോധ്യപ്പെടുത്താനും സാധിച്ചു.

ഓസീസിന്റെ ബൗളിംഗ്
ഓസീസിന്റെ പേസ് ബൗളിംഗിനെ കൃത്യമായ ഫൂട്ട് വര്‍ക്കിലൂടെയാണ് ധവാന്‍ നേരിട്ടത്. പതിയെ തുടങ്ങിയ ശേഷം മൂന്നാം ബൗളറായി എത്തിയ കൂള്‍ട്ടര്‍ നൗലിനെ തുടരെ ബൗണ്ടറിയടിച്ചാണ് ധവാന്‍ ഫുള്‍ ഫോമിലേക്ക് ഉയര്‍ന്നത്. പിന്നീടെത്തിയ സ്പിന്നര്‍ ആദം സാമ്പയെയും സ്റ്റോയ്‌സിനെയും കാര്യമായി നേരിട്ട ധവാന്‍ ഓസ്‌ട്രേലിയക്ക് ഒരു പഴുതും അനുവദിച്ചില്ല. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ പരിക്കേറ്റാണ് ധവാന്‍ സെഞ്ച്വറിയടിച്ചത്. അതാണ് സെഞ്ച്വറിയുടെ മാധുര്യം വര്‍ധിപ്പിക്കുന്നത്. മത്സരത്തില്‍ ധവാന്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications