ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ പതിനെട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും രണ്ടാം ടെസ്റ്റില്‍ നിന്നും മാറ്റങ്ങളുമായാണ് ഇറങ്ങിയത്.
ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ഓപ്പണര്‍ മുരളി വിജയിയെയും വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനെയും ഇന്ത്യ ഒഴിവാക്കി. പകരം ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിലെത്തി. ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് പകരം ജസ്പ്രീത് ബുംമ്രയും കളിക്കുന്നു. ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരമാണ് ട്രെന്റ് ബ്രിഡ്ജിലേത്.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ട് ടീമില്‍ സാം കറന് പകരം ബെന്‍ സ്റ്റോക്ക്‌സ് തിരിച്ചെത്തിയിട്ടുണ്ട്. അടിപിടിക്കേസിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ സ്റ്റോക്ക്‌സിനെ പരിചയ സമ്പത്തിന്റെ പേരിലാണ് ടീമിലേക്ക് തിരിച്ചുവിളിച്ചത്.
ഇന്ത്യന്‍ ടീം: വിരാട് കോലി ക്യാപ്റ്റന്‍, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംമ്ര.
ഇംഗ്ലണ്ട് ടീം: അലിസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഒലീ പോപ്പ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സന്‍.