IPL 2026: എട്ട് സീസണുകൾ നിങ്ങൾ പിന്തുണച്ചു, എന്നിട്ടും എന്ത് ഗുണം? റിയാൻ പരാഗിനെ വറുത്തെടുത്ത് ഷോൺ പൊള്ളോക്ക്
തുടക്കത്തിൽ മികച്ച ജയങ്ങൾ കൊണ്ട് ഇംപ്രസ് ചെയ്തെങ്കിലും രാജസ്ഥാൻ റോയൽസിന്റെ നിലവിലെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുമ്പോൾ പഴി മുഴുവൻ കേൾക്കുന്നത് നായകൻ റിയാൻ പരാഗാണ്. വർഷങ്ങളായി രാജസ്ഥാൻ മാനേജ്‌മെന്റ് പരാഗിന് നൽകുന്ന അമിതമായ പിന്തുണ ഇപ്പോൾ ടീമിന് തന്നെ തിരിച്ചടിയാകുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. ഈ വിഷയത്തിൽ തുറന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം ഷോൺ പൊള്ളോക്ക്.
"പ്രതീക്ഷകൾ തെറ്റിച്ചു, എട്ട് സീസണുകൾ പോരേ?"
പരാഗിന്റെ ഐപിഎൽ കരിയറിലെ സ്ഥിരതയില്ലായ്മയാണ് പൊള്ളോക്ക് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. "ഒരു വിദേശി എന്ന നിലയിൽ പരാഗിന്റെ കളി കാണുമ്പോൾ എനിക്ക് വലിയ നിരാശയാണ് തോന്നുന്നത്. എല്ലാവരും അദ്ദേഹത്തിന്റെ ആഭ്യന്തര പ്രകടനങ്ങളെക്കുറിച്ച് വലിയ കാര്യങ്ങൾ പറയാറുണ്ട്. എന്നാൽ ഐപിഎല്ലിൽ വന്നാൽ ആ പ്രകടനം കാണാനില്ല. എട്ട് സീസണുകളായി അദ്ദേഹം ഈ ടൂർണമെന്റിന്റെ ഭാഗമാണ്. അതിൽ വെറും ഒരു വർഷം മാത്രമാണ് മികച്ച രീതിയിൽ കളിച്ചത്. ഇത്രയധികം അവസരങ്ങൾ നൽകിയിട്ടും അദ്ദേഹം അത് മുതലാക്കുന്നില്ല," പൊള്ളോക്ക് പറഞ്ഞു.

"നായകൻ സ്വയം മാതൃകയാകണം"
ഒരു ടീം മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ അതിന്റെ നായകൻ മുന്നിൽ നിന്ന് പൊരുതണം എന്ന് പൊള്ളോക്ക് ഓർമ്മിപ്പിച്ചു. "ക്യാപ്റ്റൻ ഫോമിലാകുമ്പോൾ ടീമിന് മൊത്തത്തിൽ അതൊരു ഊർജ്ജമാണ്. എന്നാൽ പരാഗിന്റെ കാര്യത്തിൽ അത്തരമൊരു പോസിറ്റീവ് സ്വാധീനം ടീമിന് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഗൗരവകരമായ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," അദ്ദേഹം കൂട്ടിചേർത്തു.
ജയ്‌സ്വാളോ ജുറലോ? പുതിയ നായകനെ തേടി രാജസ്ഥാൻ!
അടുത്ത രണ്ട് മൂന്ന് മത്സരങ്ങളിൽ കൂടി പരാഗ് പരാജയപ്പെട്ടാൽ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കി പകരം മികച്ച ഫോമിലുള്ള താരങ്ങളെ കൊണ്ടുവരണമെന്നാണ് പൊള്ളോക്കിന്റെ ഉപദേശം. യശസ്വി ജയ്‌സ്വാളിനെയോ ധ്രുവ് ജുറലിനെയോ പോലുള്ള 'പ്രൂവൻ പെർഫോമേഴ്സിനെ' ക്യാപ്റ്റനാക്കുന്നത് ടീമിന്റെ ഭാഗ്യം മാറ്റാൻ സഹായിച്ചേക്കും. വൈഭവ് സൂര്യവംശിയെപ്പോലെയുള്ള യുവതാരങ്ങളുടെ ആവേശം നയിക്കാൻ അനുഭവസമ്പത്തും ഫോമുമുള്ള ഒരു നായകൻ ടീമിന് അനിവാര്യമാണ്.
സഞ്ജു സാംസൺ ചെന്നൈ ടീമിൽ തന്റെ ബാറ്റിങ് മികവ് തെളിയിക്കുമ്പോൾ, സഞ്ജുവിന്റെ പഴയ തട്ടകമായ രാജസ്ഥാനിൽ പരാഗ് നേരിടുന്ന ഈ പതർച്ച ആരാധകരെയും ചിന്തിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന നിർണ്ണായക പോരാട്ടങ്ങളിൽ പരാഗിന് തന്റെ സ്ഥാനം നിലനിർത്താൻ ബാറ്റ് കൊണ്ടും തന്ത്രങ്ങൾ കൊണ്ടും അത്ഭുതങ്ങൾ കാട്ടേണ്ടി വരും. ഇന്ന് അപരാചിതരായ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ കളത്തിലിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications