മുംബൈ: ബി സി സി ഐ പ്രസിഡണ്ട് ശശാങ്ക് മനോഹര്‍ രാജിവെച്ചു. ഐ സി സി ചെയര്മാന് സ്ഥാനവും ശശാങ്ക് മനോഹര്‍ രാജിവെച്ചിട്ടുണ്ട്. 58 കാരനായ മനോഹര്‍ ചൊവ്വാഴ്ചയാണ് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. 2015 നവംബറിലാണ് ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡണ്ടായത്.
ഒത്തുകളി കേസുമായി ബന്ധപ്പെട്ട് എന്‍ ശ്രീനിവാസന് ബി സി സി ഐക്ക് പുറത്തായതിന് പിന്നാലെ സ്ഥാനമേറ്റ ജഗ്മോഹന് ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് ഇത്. 2016 ജൂണില്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് ശശാങ്ക് മനോഹറിന്റെ രാജി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ശശാങ്ക് മനോഹര്‍ ഇനി ബി സി സി ഐയുടെ പ്രതിനിധിയായിരിക്കില്ല.
Read Also: ചെന്നൈ ലോബിയുടെ കഥ തീര്‍ന്നു, ഇന്ത്യന്‍ ക്രിക്കറ്റിലും ബിജെപി പിടിമുറുക്കുന്നു?
രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന, ഐ സി സിയുടെ ആദ്യത്തെ ചെയര്‍മാനാകാന്‍ വേണ്ടിയാണ് ശശാങ്ക് മനോഹര്‍ രാജിവെച്ചത് എന്നാണറിയുന്നത്. ഐ സി സിയുടെ പുതിയ ചട്ടപ്രകാരം, ചെയര്മാന് സ്ഥാനാര്‍ഥിക്ക് ഏതെങ്കിലും ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധമുണ്ടാകാന്‍ പാടില്ല. ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിയുമ്പോള്‍ ആരായിരിക്കും അടുത്ത ബി സി സി ഐ പ്രസിഡണ്ടാകുക എന്ന ചോദ്യമാണ് ബാക്കി.
ബി ജെ പി എം പിയായ അനുരാഗ് താക്കൂറിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഒന്നാമതായി പറഞ്ഞുകേള്‍ക്കുന്നത്. നിലവില്‍ ബി സി സി ഐയുടെ സെക്രട്ടറിയാണ് താക്കൂര്‍. ഐ പി എല്‍ ചെയര്‍മാനും കോണ്‍ഗ്രസിന്റെ എം പിയുമായ രാജീവ് ശുക്ല, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് സൗരവ് ഗാംഗുലി എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട് എന്നാണ് സൂചന.