ദുബായ്: ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭരണം ഇനി നടക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്മാന് സ്ഥാനത്തു നിന്നു ശശാങ്ക് മനോഹര്‍ രാജിവച്ചു. ഭരണത്തില്‍ കേവലം എട്ടു മാസം പിന്നിടവെയാണ് തികച്ചും അപ്രതീക്ഷിതമായി മനോഹര്‍ സ്ഥാനമൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സന് മനോഹര്‍ രാജിക്കത്ത് അയച്ചുകഴിഞ്ഞു.
നേരത്തേ ബിസിസിഐ പ്രസിഡന്റായിരുന്നു 59 കാരനായ മനോഹര്‍. ഈ സ്ഥാനം രാജിവച്ചാണ് 2016ല്‍ ഐസിസിയുടെ തലപ്പത്ത് എത്തിയത്. എതിരില്ലാതെ ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്വതന്ത്ര ചെയര്മാന് കൂടിയാണ് അദ്ദേഹം.
ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ഐസിസി ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മനോഹര്‍ ചെയര്മാന് സ്ഥാനത്തു നിന്നു പടിയിറങ്ങിയത്. ഈ നീക്കങ്ങള്‍ തടയാന്‍ ബിസിസിഐ ശ്രമിക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് മനോഹര്‍ ഐസിസിയോട് വിട പറയുന്നത്.