മിര്‍പൂര്‍: ഇന്ത്യക്കെതിരെ ചരിത്രത്തിലാദ്യമായി ഒരു പരമ്പര ജയിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് സന്തോഷം കൊണ്ട് നിലതെറ്റി. തെരുവുകളില്‍ ആര്‍ത്തുവിളിച്ചും പടക്കം പൊട്ടിച്ചുമാണ് അവര്‍ വിജയം ആഘോഷിച്ചത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന്റെ പകരം വീട്ടി എന്ന് വരെ ചില ബംഗ്ലാ ആരാധകര്‍ പറഞ്ഞു.
ഇതിനിടയില്‍ സുധീര്‍ ഗൗതത്തിനെതിരെ ആക്രമണമുണ്ടായത് ബംഗ്ലാദേശിനും അവിടത്തെ ക്രിക്കറ്റിനും നാണക്കേടായി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏറ്റവും പ്രശസ്തനായ ആരാധകനായ സുധീര്‍ ഇന്ത്യന്‍ ടീം കളിക്കുന്ന എല്ലാ സ്ഥലങ്ങളിലും എത്തി ടീമിന് വേണ്ടി ജയ് വിളിക്കാറുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് സുധീറിനെതിരെ ആക്രമണം ഉണ്ടാകുന്നത്.

കളി കഴിഞ്ഞ ശേഷം സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഒരു ഓട്ടോറിക്ഷയില്‍ കയറുമ്പോഴാണ് തനിക്ക് നേരെ കല്ലേറുണ്ടായത് എന്ന് സുധീര്‍ ഗൗതം പറഞ്ഞു. തനിക്ക് ഇത്രയും കാലത്തിനിടെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് സുധീര്‍ ഹിന്ദി ചാനലായ എ ബി പി ന്യൂസിനോടാണ് പറഞ്ഞത്. ഓട്ടോറിക്ഷയില്‍ കയറവേ തനിക്ക് നേരെ കല്ലേറുണ്ടായി.
ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടിയതാണ് തങ്ങള്‍ എന്ന് അവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ആ പ്രതികാരം അവര്‍ കളിക്ക് പുറത്തേക്കും കൊണ്ടുവന്നു - സുധീര്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയപതാകയുടെ നിറത്തില്‍ ദേഹത്ത് മൊത്തം പെയിന്റടിച്ച് കളി കാണാന്‍ ഗാലറിയിലെത്തുന്ന സുധീര്‍ സച്ചിനെ ദൈവം എന്നാണ് വിളിക്കാറുള്ളത്. ഇന്ത്യയിലെ ക്രിക്കറ്റ് കമ്പത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഈ 34 കാരന്