കറാച്ചി: ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയല്ല സ്‌നേഹം മാത്രമേ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എന്ന് പറഞ്ഞ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. അഫ്രീദിയെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് പറഞ്ഞത്. ഈ ക്രിക്കറ്റര്‍മാര്‍ തങ്ങള്‍ പറഞ്ഞ കാര്യമോര്‍ത്ത് ലജ്ജ തോന്നണമെന്നും ആജ് ടി വിയോട് സംസാരിക്കവേ മിയാന്‍ദാദ് പറഞ്ഞു.
ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാനായി ഇന്ത്യയിലെത്തിയ ഉടനെയാണ് ഇന്ത്യയില്‍ തങ്ങള്‍ക്ക് സ്‌നേഹം മാത്രമേ കിട്ടുന്നുള്ളൂ എന്ന് അഫ്രീദിയും വെറ്ററന്‍ താരമായ ഷോയിബ് മാലിക്കും പറഞ്ഞത്. ഇന്ത്യയില്‍ കളിക്കുന്നത് തങ്ങള്‍ എപ്പോഴും ആസ്വദിച്ചിരുന്നു. പാകിസ്താനില്‍ കളിക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ സ്‌നേഹം ഇവിടെ കിട്ടുന്നു - അഫ്രീദി പറഞ്ഞു.

ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയില്‍ പോയി എന്ന് കരുതി ഇന്ത്യയെ വാഴ്‌ത്തേണ്ട കാര്യമില്ല. ഇന്ത്യ നമുക്ക് എന്താണ് തന്നത്. ഇന്ത്യയിലാണ് എന്ന് കരുതി സത്യം പറയാതിരിക്കേണ്ട കാര്യമില്ല - മിയാന്‍ദാദ് അഫ്രീദിയുടെ വാക്കുകളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പാകിസ്താന്‍ ക്രിക്കറ്റിന് വേണ്ടി ഇന്ത്യ എന്താണ് ചെയ്തത്.
എത്രയോ കാലം പാകിസ്താന് വേണ്ടി ക്രിക്കറ്റ് കളിച്ച ആള്‍ എന്ന നിലയ്ക്ക്, കളിക്കാരുടെ വാക്കുകള്‍ കേട്ട് തനിക്ക് ഞെട്ടലാണ് ഉണ്ടായതെന്നും മിയാന്‍ദാദ് പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാധ്യമങ്ങളോട് എന്ത് പറയണം എന്നതിനെ സംബന്ധിച്ച് കളിക്കാര്‍ക്ക് ക്ലാസ് നല്‍കണമെന്നും മിയാന്‍ദാദ് പറയുന്നുണ്ട്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനായ മിയാന്‍ദാദ് 124 ടെസ്റ്റുകള്‍ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.