നാണംകെട്ട് ദക്ഷിണാഫ്രിക്ക... ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം... പരമ്പര തൂത്തുവാരി
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തോല്‍വി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിലും ശ്രീലങ്കയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. നിര്‍ണായക രണ്ടാം ടെസ്റ്റില്‍ 199 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയരായ ശ്രീലങ്ക ആഘോഷിച്ചത്.
ഇതോടെ രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0ന് ശ്രീലങ്ക തൂത്തുവാരുകയും ചെയ്തു. നേരത്തെ, പരമ്പരയിലെ ആദ്യ മല്‍സരത്തിലും ലങ്ക തകര്‍പ്പന്‍ ജയം നേടിയിരുന്നു. സ്‌കോര്‍: ശ്രീലങ്ക 338, 275/5 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക 124, 290.

തോല്‍വിയുടെ ഭാരം കുറച്ച് ഡി ബ്രുയ്‌നും ബാവുമയും
തോല്‍വിയുറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് ആറാം വിക്കറ്റില്‍ തെയുനിസ് ഡി ബ്രുയ്‌നും ടെംബ ബാവുമയും നടത്തിയ ചെറുത്ത് നില്‍പ്പാണ്. ആറാം വിക്കറ്റില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഇതില്‍ ഡി ബ്രുയ്ന്‍ തന്റെ കന്നി സെഞ്ച്വറിയും കണ്ടെത്തി. 232 പന്തില്‍ 12 ബൗണ്ടറി സഹിതം 101 റണ്‍സാണ് ഡി ബ്രുയ്ന്‍ നേടിയത്. 98 പന്തില്‍ നാല് ബൗണ്ടറിയോടെ ബാവുമ 63 റണ്‍സ് നേടി. ബാവുമയുടെ പുറത്താവലോടെ തന്നെ മല്‍സരം പൂര്‍ണ്ണായും ശ്രീലങ്കയുടെ വരുതിയിലാവുകയായിരുന്നു.

വിജയത്തിന് ചുക്കാന്‍ പിടിച്ച് രംഗനാ ഹെരാത്ത്
ഒരുവേള ഡി ബ്രുയ്‌നും ബാവുമയും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പ് ശ്രീലങ്കയ്ക്ക് ചെറുതായി തലവേദനയായി മാറിയിരുന്നു. എന്നാല്‍, ബാവുമയെ പുറത്താക്കി ഹെരാത്ത് ലങ്കയെ വീണ്ടും മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചു കൊണ്ടുവരികയായിരുന്നു.
ഡി ബ്രുയ്‌നെ ക്ലീന്‍ ബൗള്‍ഡാക്കിയ ഹെരാത്ത് രണ്ടാമിന്നിങ്‌സ് തന്റെ പേരിലാക്കി മാറ്റുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 98 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ഹെരാത്ത് വീഴ്ത്തിയത്. ദില്‍റുവാന്‍ പെരേരയും അഖില ധനഞ്ജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications