ഡബ്ലിന്‍: ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടന്ന സാന്പിള്‍ വെടിക്കെട്ടില്‍ ആതിഥേയരായ അയര്‍ലാന്‍ഡിനെ നാണംകെടുത്തി കോലിപ്പട. അയര്‍ലാന്‍ഡിനെതിരേയുള്ള രണ്ട് മല്‍സരങ്ങളുടെ ട്വന്റി പരമ്പര തൂത്തുവാരിയാണ് ടീം ഇന്ത്യ കരുത്തുകാട്ടിയത്. രണ്ടാം ട്വന്റിയില്‍ അയര്‍ലാന്‍ഡിനെ 143 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്.

ട്വന്റിയില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാര്‍ജിനിലുള്ള ജയം കൂടിയാണിത്. അന്താരാഷ്ട്ര ട്വന്റിയില്‍ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ വിജയം കൂടിയാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരേ നേടിയത്. ഈ വര്‍ഷം ഏപ്രീലില്‍ വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തോല്‍പ്പിച്ച പാകിസ്താന്റെ നേട്ടത്തിനൊപ്പമാണ് ഇന്ത്യ എത്തിയത്. 2007ല്‍ ജൊഹാനസ്ബര്‍ഗില്‍ കെനിയക്കെതിരേ ശ്രീലങ്ക നേടിയ 172 റണ്‍സിന്റെ ജയമാണ് ട്വന്റി ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നേടിയ ഐറിഷ് ടീം ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ മല്‍സരത്തിലേത് പോലെ രണ്ടാം മല്‍സരത്തിലും അയര്‍ലാന്‍ഡിന്റെ ഈ തീരുമാനം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ വിസ്‌ഫോടനാത്മകമായ തുടക്കം നല്‍കിയ രോഹിത് ശര്‍മയെ ടൂ ഡൗണിലേക്ക് മാറ്റിയ ഇന്ത്യ ശിഖര്‍ ധവാന് വിശ്രമവും നല്‍കിയാണ് കളത്തിലിറങ്ങിയത്. ധവാനു പകരം ലോകേഷ് രാഹുല്‍ ഓപണിങ് റോളിലിറങ്ങുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രാഹുലിന്റേയും (70) സുരേഷ് റെയ്‌നയുടെയും (69) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളുടെയും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (32*) വെടിക്കെട്ടിന്റെയും മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 213 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു.
മറുപടിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ അയര്‍ലാന്‍ഡ് 12.3 ഓവറില്‍ 70 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗാരി വില്‍സനാണ് അയര്‍ലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങി. മൂന്ന് വിക്കറ്റ് വീതമാണ് ഇരുവരും നേടിയത്. ഉമേഷ് യാദവ് രണ്ടും സിദ്ദാര്‍ഥ് കൗള്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, 36 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടിച്ചാണ് രാഹുല്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 45 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് റെയ്‌നയുടെ ഇന്നിങ്‌സ്. പുറത്താവാതെ കേവലം ഒമ്പത് പന്തില്‍ നിന്ന് നാല് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതാണ് ഹാര്‍ദികിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. ഒമ്പത് റണ്‍സായിരുന്നു രണ്ടാം ട്വന്റിയില്‍ കോലി നേടിയത്. ഐറിഷ് പടയ്ക്കു വേണ്ടി കെവിന്‍ ഒബ്രെയ്ന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
ലോകേഷ് രാഹുലിനെ കളിയിലെ താരമായും ചഹാലിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു. അടുത്ത മാസം മൂന്നിനാണ് ഇന്ത്യയുടെ ഇംഗ്ലീഷ് ദൗത്വം ആരംഭിക്കുന്നത്. ട്വന്റി വെടിക്കെട്ടോട് കൂടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കമാവുക.