റോയല്‍ സഞ്ജു... വില എട്ടു കോടി!! തിരിച്ചുപിടിച്ച് രാജസ്ഥാന്‍

ബെംഗളൂരു: ഐപിഎല്ലില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ക്ക് വന്‍ തുക ലഭിച്ചതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ലേലത്തില്‍ പൊന്നുംവില ലഭിച്ചു. എട്ടു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്രിയ താരത്തെ ടീമിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.
ഒരു കോടി രൂപയായിരുന്ന സഞ്ജുവിന്റെ അടിസ്ഥാന വില. എന്നാല്‍ ടീം ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്‍ക്കു വേണ്ടി ലേലത്തില്‍ പിടിവലിയാണ് നടന്നത്. മുംബൈയും രാജസ്ഥാനും തമ്മിലായിരുന്നു പ്രധാന മല്‍സരം. ഒടുവില്‍ വിലക്ക് കഴിഞ്ഞ് ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ മലയാളി താരത്തെ സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാന്റെ മിന്നും താരം
ഐപിഎല്ലില്‍ ഇതുവരെ മൂന്നു ടീമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് താരം ഐപിഎല്ലിലെത്തിയത്. പക്ഷെ ഒരു മല്‍സരം പോലും കൊല്‍ക്കത്തയ്ക്കായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല.

തകര്‍പ്പന്‍ പ്രകനങ്ങള്‍
2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെയാണ് സഞ്ജുവിന്റെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞത്. ഇതിഹാതാരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലനമികവില്‍ സഞ്ഡു രാജസ്ഥാന്റെ തുറുപ്പുചീട്ടായി മാറി.
തട്ടുപൊളിപ്പന്‍ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും സഞ്ജു കസറുക തന്നെ ചെയ്തു. ഇതോടെ തൊട്ടടുത്ത സീസണിലും രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തി. 2014ലും സഞ്ജു നിരാശപ്പെടുത്തിയില്ല. മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ രാജസ്ഥാന്‍ ടീമിന്റെ നട്ടെല്ലായി മാറി.

ഡല്‍ഹിയിലേക്ക്
രാജസ്ഥാനെ ഐപിഎല്ലില്‍ നിന്നും വിലക്കിയപ്പോള്‍ സഞ്ജുവിന് പുതിയ തട്ടകം തേടേണ്ടിവന്നു. രാജസ്ഥാന്റെ മുന്‍ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് താരത്തെ സ്വന്തമാക്കിയത്. അന്ന് ഡല്‍ഹിയുടെ ഉപദേഷ്ടാവ് കൂടിയായിരുന്നു ദ്രാവിഡ്.
കഴിഞ്ഞ സീസണില്‍ ഒരു സെഞ്ച്വറിയടക്കം 386 റണ്‍സ് സഞ്ജു നേടിയിരുന്നു. രണ്ട് അര്‍ധസെഞ്ച്വറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതുവരെ ഐപിഎല്ലില്‍ 66 മല്‍സരങ്ങള്‍ കളിച്ച സഞ്ജു 1426 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു
ലേലത്തില്‍ ഇത്രയും ഉയര്‍ന്ന തുക ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. രാജസ്ഥാനില്‍ തിരിച്ചെത്തുമ്പോള്‍ സ്വന്തം തറവാട്ടിലേക്കു മടങ്ങിപ്പോവുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. പരിശീലനം ദ്രാവിഡിന്റെ കീഴില്‍ അല്ലാത്തതില്‍ നിരാശയുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ താരങ്ങള്‍ ഐപിഎല്ലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications