മുംബൈ: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാംഘട്ടത്തില്‍ സഞ്ജു വി സാംസണ് അടിസ്ഥാനവില രണ്ട് കോടി രൂപ. സഞ്ജു ഉള്‍പ്പെടെ 12 കളിക്കാര്‍ക്കാണ് അടിസ്ഥാന വില രണ്ട് കോടിയായി ബിസിസിസഐ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് ബാംഗ്ലൂരിലാണ് രണ്ടാഘട്ട താരലേലം നടക്കുക.
സഞ്ജുവിനൊപ്പം യുവരാജ്, വാട്സണ്, ഇഷാന്ത് ശര്‍മ്മ, മിച്ചല്‍ മാര്‍ഷ്, കെവിന് പീറ്റേഴ്സണ്, മൈക്ക് ഹസ്സി, ആശിഷ് നെഹ്റ, ദിനേശ് കാര്‍ത്തിക്, സ്റ്റുവട്ട് ബിന്നി, ധവാന് കുല്‍ക്കര്‍ണി, കെവിന് റിച്ചാര്‍ഡ് എന്നിവര്‍ക്കാണ് ബിസിസിഐ അടിസ്ഥാന വിലയായി രണ്ട് കോടി നിശ്ചയിച്ചിരിക്കുന്നത്.
ലോകോത്തര ഫാസ്റ്റ് ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനിന് ഒന്നരക്കോടി രൂപയാണ് അടിസ്ഥാന വില. സ്റ്റെയിന് പുറമെ മോഹിത് ശര്‍മ്മ, ജോസ് ബട്ലര് എന്നിവര്‍ക്കും ഒന്നരക്കോടിയാണ് വിലയിട്ടിരിക്കുന്നത്.
ഇര്ഫാന് പത്താന്, ടീം സൗത്തി എന്നവര്‍ക്ക് ഒരു കോടിയും മാര്ട്ടിന് ഗുപ്ടില്‍, ജെയ്സണ്‍ ഹോള്‍ഡര്‍, യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ബരീന്ദര്‍ സ്രാണ്‍ എന്നിവര്‍ക്ക് 50 ലക്ഷവുമാണ് അടിസ്ഥാനവില.
ഫെബ്രുവരി ആറിന് നടക്കുന്ന ലേലത്തില്‍ കഴിഞ്ഞവര്‍ഷം ടീമിലുണ്ടായിരുന്ന 13 താരങ്ങളെ ഒഴിവാക്കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കാന്‍ കഴിയുക.