ഏകദിന ടീമിന്റെ നായകൻ സഞ്ജു, പേസ് കുന്തമുനയായി ഷമി; ജഡേജയ്ക്ക് വീണ്ടും ഇടം, ഈ ഇലവൻ എങ്ങനെ?
ഇന്ത്യൻ ക്രിക്കറ്റ് ടീം കുറച്ച് കാലമായി പരിമിത ഓവറിൽ, പ്രത്യേകിച്ച് ഏകദിനത്തിൽ കളിയ്ക്കാൻ ഇറങ്ങിയിട്ട്. അതിനായി കാലങ്ങളായി ആരാധകർ ശരിക്കും കാത്തിരിക്കുകയാണ്. അതിന് കാരണമൊന്നേ ഉള്ളൂ. സൂപ്പർതാരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും കളി കാണാമെന്നത് തന്നെയാണ് കാരണം. ടി20, ടെസ്‌റ്റ് ടീമുകളിൽ നിന്ന് വിരമിച്ച ഇരുവരുടെയും മത്സരം കാണാൻ ഇനി ഏകദിനത്തിൽ മാത്രമേ സാധിക്കൂ.
അതുകൊണ്ട് തന്നെ ഓസീസ് പര്യടനത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തെക്കുറിച്ച് ഓർക്കുമ്പോൾ കഴിഞ്ഞ ലോകകപ്പ് ഫൈനൽ ആയിരിക്കും എല്ലാവരുടെയും മനസ്സിൽ വരിക. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ കലാശപ്പോരിൽ ഓസീസിനോട് തോൽക്കുകയായിരുന്നു രോഹിത് ശർമ്മയുടെ ടീം. പിന്നീട് ചാമ്പ്യൻസ് ട്രോഫിയിൽ കണക്ക് തീർത്തത് മറ്റൊരു കാര്യം.

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 19ന് പെർത്തിലെ ഒപ്റ്റസ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിനത്തിന്റെ ചൂടറിയാൻ ഇറങ്ങുകയാണ്. ഗിൽ 50 ഓവർ ക്രിക്കറ്റിൽ ആദ്യമായി ടീമിനെ നയിക്കാനൊരുങ്ങുന്നതോടെ, മെൻ ഇൻ ബ്ലൂവിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന ഒരു സുപ്രധാന നിമിഷമായിരിക്കും അത്. കാരണം രോഹിത് നായക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്.
ഇനി എല്ലാം യുവാക്കളുടെ കൈയിലാണ്. കോലിയും രോഹിതും ഇനിയെത്ര കാലം ടീമിൽ ഉണ്ടാവുമെന്നും പറയാൻ കഴിയില്ല. ഇത്രയൊക്കെ ആണെങ്കിലും സെലക്റ്റർ അജിത് അഗാർക്കർ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും ഇടയിൽ കാര്യമായ ചർച്ചകളും സംവാദങ്ങളുമാണ് നടന്നത്. അതിന് പ്രധാന കാരണമായത് ചിലരുടെ അഭാവമാണ്.
മറ്റ് ടീമുകളെ പോലെയല്ല താരനിബിഢമായ ഒരു സംഘമാണ് ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ ടീമിന് പലപ്പോഴും ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരും. ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് പുറത്തായ കളിക്കാരെ ഉൾപ്പെടുത്തി ഒരു ഇന്ത്യൻ ഏകദിന ടീം രൂപീകരിച്ചാൽ അത് എങ്ങനെയായിരിക്കുമെന്ന് നമുക്കൊന്ന് നോക്കിയാലോ..
ടീമിൽ അഭിഷേക് ശർമ്മയാണ് ഓപ്പണറായി ഇടം പിടിച്ചിരിക്കുന്നത്. ടി20യിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം പക്ഷേ ഏകദിനത്തിൽ ടീമിൽ എത്തിയിട്ടില്ല. ഏകദിനത്തിൽ താരത്തിന്റെ അരങ്ങേറ്റം ഇനിയും വൈകുമെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു ഓപ്പണറായി ഋതുരാജ് ഗെയ്ക്ക്വാദും ഇടം നേടിയിരിക്കുന്നു. താരവും കഴിഞ്ഞ കുറച്ച് നാളുകളായി ടീമിൽ ഇടംകിട്ടാതെ വലയുകയാണ്.
സായ് സുദർശനാണ് മൂന്നാം നമ്പറിൽ ഇടം നേടിയിരിക്കുന്നത്. ടെസ്‌റ്റിൽ ഇന്ത്യൻ ടീമിലുണ്ടെങ്കിലും ഏകദിനം ഇനിയും വിളി വരാനുണ്ട് താരത്തിന്. നാലാം നമ്പറിൽ തിലക് വർമ്മയാണ് ഇറങ്ങേണ്ടത്. തിലക് വർമ്മ അവസാനമായി ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റ് കളിച്ചത് ഏകദേശം രണ്ട് വർഷം മുമ്പാണ്. അതിന് ശേഷം താരത്തിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല.
അഞ്ചാമത് സാക്ഷാൽ സഞ്ജു സാംസൺ ആണ്. വിക്കറ്റ് കീപ്പർ നായകനായി സഞ്ജു ടീമിന്റെ നെടുംതൂൺ ആവും. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ അവസാന ഏകദിന മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ച്വറി നേടിയിരുന്നു. എന്നിട്ടും താരത്തിന് അവസരം അകലെയാണ്. പിന്നീട് ടീമിൽ ഇടമുണ്ട് റിയാൻ പരാഗിനാണ്.
ഒരു വാലറ്റ ബാറ്റർ എന്ന നിലയിൽ തിളങ്ങാൻ താരത്തിന് കഴിയും. ഇലവനിൽ ഇടം നേടിയ മറ്റ് പ്രമുഖ താരങ്ങൾ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ്. ഏറെനാളായി ഏകദിനത്തിൽ പുറത്ത് നിൽക്കുകയാണ്. ലോകകപ്പ് ഹീറോ ആയിട്ടും ഷമിക്ക് അവഗണനയാണ് ഫലം. ശിവം ദുബെ, വരുൺ ചക്രവർത്തി, ഖലീൽ അഹമ്മദ് എന്നിവരാണ് ശേഷിക്കുന്ന ടീം അംഗങ്ങൾ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications