ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏഷ്യാകപ്പ് ടൂർണ്ണമെന്റില്‍ നേർക്കുനേർ ഏറ്റമുട്ടുന്നു. രാഷ്ട്രീയപരമായ വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി നടക്കുന്ന മത്സരത്തില്‍ ഏത് വിധേനയും വിജയം പിടിച്ചെടുക്കുക എന്നുള്ളത് ഇരു രാജ്യങ്ങള്‍ക്കും അഭിമാന പ്രശ്നമാണ്. അതിനാല്‍ തന്നെ ആവാനാഴിയിലെ എല്ലാ ആയുധങ്ങളും രാഖി മിനുക്കിയാണ് സൂര്യകുമാർ യാദവും സല്‍മാന്‍ അലിയും മത്സരത്തിനായി ഒരുങ്ങുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സംസണ്‍ എന്നിവർ ശ്രദ്ധാകേന്ദ്രമാകുമെങ്കിലും, ഇന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്നത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയിലാണ്. പാകിസ്ഥാനെതിരെ മികച്ച ട്രാക്ക് റെക്കോർഡ് കാത്ത് സൂക്ഷിക്കുന്ന മത്സരാർത്ഥി എൻ്നതാണ് ഹാർദിക്കിലെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 308 റൺസ് നേടിയ ഹാർദിക് 17.47 എന്ന മികച്ച ശരാശരിയിൽ 23 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 18.6 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഹാർദിക് പാണ്ഡ്യയുടെ പാകിസ്ഥാനെതിരായ ആദ്യത്തെ മിന്നുന്ന പ്രകടനം 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആയിരുന്നു. മുഹമ്മദ് ആമിറിന്റെ തകർപ്പന്‍ പ്രകടനത്തില്‍ ഇന്ത്യയുടെ മുന്‍ നിര തകർന്നപ്പോള്‍ 43 പന്തിൽ 76 റൺസുമായി ഹാർദിക് പാണ്ഡ്യ ടീമിന്റെ പ്രതീക്ഷകൾ നിലനിർത്തി.ഇന്ത്യ മത്സരം തോറ്റെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
2022 ഏഷ്യാ കപ്പിൽ മത്സരം സിക്സർ അടിച്ചുകൊണ്ട് ഹാർദിക് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. 2022 T20 ലോകകപ്പിൽ വിരാട് കോലിക്കൊപ്പം ചേർന്ന് ത്രില്ലിംഗ് ചേസ് പൂർത്തിയാക്കിയ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 2023, 2024 ലോകകപ്പുകളിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും പാകിസ്ഥാനെതിരെ നിർണായക പ്രകടനങ്ങൾ കാഴ്ചവെക്കാന്‍ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചു.
അസാധാരണമായ പവർ-ഹിറ്റിംഗിന് പേര് കേട്ട ഹാർദിക് പാണ്ഡ്യ സമ്മർദ്ദ സാഹചര്യങ്ങളിൽ ശാന്തനായി മത്സരത്തെ മുന്നേോട്ട് നയിക്കുന്നതിലും മികവ് പുലർത്തുന്ന കളിക്കാരനാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ കളിക്കാർക്ക് മേൽ സ്വാഭാവികമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ, മത്സര സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള പാണ്ഡ്യയുടെ കഴിവ് മാനസികമായി ഏറെ പ്രധാനപ്പെട്ടതാണ്.
ഫിനിഷിംഗ് കഴിവുകൾക്ക് പുറമെ, ഹാർദിക് പാണ്ഡ്യയെ ഒരു യഥാർഥ മത്സരവിജയിയാക്കുന്നത് മത്സരത്തിന്റെ മൂന്ന് ഘട്ടങ്ങളിലും ബൗള്‍ ചെയ്യാനുള്ള കഴിവാണ്. മിഡിൽ, ഡെത്ത് ഓവറുകളിലാണ് താരം കൂടുതല്‍ അപകടകാരിയായി മാറുക. അർഷ്ദീപ് സിംഗിനെ ഇന്ത്യ വീണ്ടും ഒഴിവാക്കിയാൽ, ജസ്പ്രീത് ബുംറക്കൊപ്പം തുടക്കത്തില്‍ തന്നെ പന്തെറിയാനും ഹാർദിക് വന്നേക്കാം. പുതിയ പന്തിൽ സ്വിംഗ് നേടാനുള്ള കഴിവ് പാകിസ്ഥാന്റെ ടോപ് ഓർഡർ ബാറ്റർമാർക്ക് വലിയ ഭീഷണിയായും മാറിയേക്കാം. ഇക്കാരണങ്ങളാല്‍ കൊണ്ട് തന്നെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ യഥാർത്ഥ കുന്തമുന ഹാർദിക് പാണ്ഡ്യ ആയിരിക്കുമെന്നതില്‍ സംശയമില്ല.