ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിൽ സഞ്ജു സാംസൺ ഏത് ടീമിൽ കളിക്കുമെന്ന ആകാംഷയ്ക്ക് വിരാമമിട്ട് കൊണ്ട് താരത്തിന്റെ ടീം മാറ്റം ഏറെക്കുറെ പൂർത്തിയായതായി റിപ്പോർട്ട്. സാക്ഷാൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സുമായി സഞ്ജു സാംസൺ കരാറിൽ ഒപ്പിട്ടെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച എക്‌സ്‌ക്ലൂസീവ് വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് ക്രിക്ബസ് എക്‌സിലൂടെ വെളിപ്പെടുത്തൽ നടത്തിയത്.
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് പോവുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടയിൽ പലതരത്തിലുള്ള തടസങ്ങൾ നേരിടേണ്ടി വന്നുവെന്നും ഒരുഘട്ടത്തിൽ കരാർ പൂർണമായി ചർച്ചയിൽ നിന്ന് ഒഴിവാകുകയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തികൊണ്ട് മലയാളികളുടെ പ്രിയ താരം ചെന്നൈയിലേക്ക് ചേക്കേറുന്നത്.

വരും മണിക്കൂറുകളിൽ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് ലഭ്യമായ വിവരം. മാത്രമല്ല മറ്റ് താരങ്ങളെ പരസ്‌പരം കൈമാറിക്കൊണ്ടാണ് ഇപ്പോൾ ഈ കരാർ നടപ്പാവുന്നത്. സഞ്ജുവിന് പകരമായി സാം കറൻ, ജഡേജ എന്നിവരെയാണ് കൈമാറുകയെന്നാണ് ലഭ്യമായ വിവരം.
അതിനിടെ വരാനിരിക്കുന്ന സീസണിൽ നിലനിർത്താനും റിലീസ് ചെയ്യാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്, പരിശീലകൻ സ്‌റ്റീഫൻ ഫ്ലെമിംഗ്, എംഎസ് ധോണി എന്നിവരടങ്ങുന്ന സംഘം വെള്ളിയാഴ്‌ച നിർണായക യോഗം ചേരുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് ശേഷമാവും ടീമിന്റെ ഭാവി എന്തെന്ന് കൃത്യമായി അറിയുക.
ഐപിഎല്ലിൽ സ്ഥിരതയ്ക്ക് പേരുകേട്ട സിഎസ്‌കെ കഴിഞ്ഞ രണ്ട് സീസണുകളിലായി മോശം പ്രകടനമാണ് നടത്തിയത്. രണ്ട് തവണയും അവർക്ക് പ്ലേഓഫിലെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ, ഫയർ പവറും ചലനാത്മകതയും ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് നിരയ്ക്ക് സഞ്ജു സാംസണിന്റെ വരവ് വലിയൊരു ഇന്ധനം പകരുമെന്നാണ് വിലയിരുത്തൽ.
മറുവശത്ത് ജഡേജയെ വിട്ടയക്കുന്നതിലൂടെ, സ്‌പിൻ ഡിപ്പാർട്ട്‌മെന്റിലെ വലിയൊരു വിടവ് കൂടി അവർക്ക് നികത്തേണ്ടതുണ്ട്. വരാനിരിക്കുന്ന മിനി ലേലത്തിൽ ബാറ്റ് ചെയ്യാനും മറ്റ് രീതിയിൽ സംഭാവന നൽകാനും കഴിയുന്ന ശരിയായ പ്രതിഭയെ ടീം ഇപ്പോൾ തീവ്രമായി തിരയുകയാണ്. അതൊരു സ്‌പിൻ ഓൾറൗണ്ടർ ആണെങ്കിൽ ജഡേജയ്ക്ക് പകരക്കാരനായി പരിഗണിക്കാമെന്നതാണ് പ്രധാന കാര്യം.
കഴിഞ്ഞ തവണ 24 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തിയ നൂർ അഹമ്മദ് സിഎസ്‌കെയിൽ ഉണ്ടെങ്കിലും, അദ്ദേഹത്തിന് ഒപ്പം ഒരു മികച്ച ഇന്ത്യൻ സ്‌പിന്നർ കൂടി ആവശ്യമാണ്. നിലവിൽ, ലെഗ് സ്‌പിന്നർ ശ്രേയസ് ഗോപാലും ടീമിലുണ്ടെങ്കിലും ബാറ്റിംഗ് പാടവം കൂടി കൈമുതലായുള്ള ഒരു താരത്തെയാണ് ടീം തേടുന്നത്.
സഞ്ജു ഇനി ചെന്നൈയിലേക്ക്, ജഡേജ ജയ്‌പൂരിലേക്ക്
ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് മാറുന്നത് ക്യാപ്റ്റൻസി കൂടി മുന്നിൽ കണ്ടുകൊണ്ടാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ രാജസ്ഥാൻ റോയൽസിന് ജഡേജയുടെ വരവ് ഗുണമാവും എന്നുറപ്പാണ്. മറുവശത്ത് നിലവിൽ എന്തായാലും ഈ സീസണിൽ സഞ്ജു സാംസൺ ചെന്നൈയുടെ നായകനാവാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല കീപ്പർ റോളിൽ ധോണിയെ മറികടന്ന് സഞ്ജു വാരുമോയെന്നും കണ്ടറിയണം.
37 കാരനായ ഇന്ത്യൻ ഓൾറൗണ്ടർ ഐപിഎല്ലിൽ തന്റെ അവസാന വർഷങ്ങൾ ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തത്തോടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം സഞ്ജു കളിക്കാതിരുന്നപ്പോൾ ടീമിനെ നയിച്ച റിയാൻ പരാഗിനെപ്പോലെ, ആർആറിന് പരിഗണിക്കാവുന്ന മറ്റ് പേരുകൾ ഉണ്ടെങ്കിലും ജഡേജയെ പോലെ ഒരു പരിചയ സമ്പന്നൻ വരുന്നത് അവർക്ക് മുതൽക്കൂട്ടാണ്.