ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരം സഞ്ജു സാംസണാണ്. ഈ സീസണില്‍ ടീം കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് തവണയാണ് ഈ 23-കാരന്‍ മാന്‍ ഓഫ് ദി മാച്ചായത്. വിരാട് കോലിക്ക് പിന്നില്‍ റണ്‍ സ്‌കോറിംഗില്‍ രണ്ടാമതാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ നിന്നും അപ്രത്യക്ഷനാണെങ്കിലും ഐപിഎല്ലില്‍ മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മലയാളി താരം.
ടീം വിജയിക്കുമ്പോള്‍ തന്റേതായ സംഭാവന നല്‍കാന്‍ കഴിയുന്നത് വലിയ കാര്യമാണെന്ന് സഞ്ജു പറയുന്നു. 'ടൂര്‍ണമെന്റ് ആരംഭിച്ചിട്ടേയുള്ളൂ, ഇനിയും ഏറെ ദൂരം പോകാനുണ്ട്. അതുകൊണ്ട് തന്നെ റണ്‍ സ്‌കോര്‍ ചെയ്യുന്നതും, ടീമിന്റെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതുമാണ് പ്രധാനം', താരം വ്യക്തമാക്കി. വിരാടും, ഡി വില്ലിയേഴ്‌സും പുകഴ്ത്തുമ്പോള്‍ സന്തോഷമാണ്. വര്‍ഷത്തില്‍ രണ്ട് മാസം ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം നല്‍കുന്നതിന് ഐപിഎല്ലിന് നന്ദി പറയണമെന്നും യുവതാരം പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തയില്ല. ഭാവിയും, ഭൂതവുമൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കഴിവുകള്‍ മെച്ചപ്പെടുത്തുക അവസരങ്ങള്‍ തേടിയെത്തും. ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ കേരളത്തിനായി കളിക്കും. ആഭ്യന്തര സീസണും മികച്ചതാണ്. ഡേവ് വാട്‌മോറിന് കീഴില്‍ പരിശീലനം നേടിയപ്പോള്‍ സഞ്ജു സാംസണായി കളിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാട്‌മോറിനെ വര്‍ഷങ്ങളോളം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഓരോ ഫോര്‍മാറ്റിലും വ്യത്യസ്തമായ രീതിയില്‍ കളിക്കാന്‍ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്, സഞ്ജു സാംസണ്‍ വ്യക്തമാക്കി.