ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം ചെന്നൈ ആരാധകർക്ക് ആവേശം പകരുന്ന വാക്കുകളുമായി മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ്. രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിന്റെ നട്ടെല്ലായി മാറുമെന്നും സിഎസ്കെയിൽ ഒരു 'സഞ്ജു യുഗത്തിന്' തുടക്കമാകുമെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു. എം.എസ്. ധോണി തന്റെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങവെ സഞ്ജുവിനെ ടീമിലെത്തിച്ചത് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലോകകപ്പിലെ ഹീറോ, ഇനി ചെന്നൈയുടെ കരുത്ത്!"
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിന്റെ ഫോമിനെ ബദ്രിനാഥ് പ്രശംസിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. "വളരെ വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു സിഎസ്കെയിലേക്ക് വരുന്നത്. അദ്ദേഹം മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ഭാവി നായകനെയും ഇതിലൂടെ ചെന്നൈ കണ്ടെത്തിക്കഴിഞ്ഞു," ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തിയത്.

ചെന്നൈയിലെ ചേപ്പോക്കിൽ സിഎസ്കെ തങ്ങളുടെ ആദ്യ ഹോം മാച്ചിന് ഇറങ്ങാനിരിക്കെ, സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വീണ്ടും ഗുണമാകുമെന്നും ചെന്നൈ കരുത്തോടെ തന്നെ ടൂർണമെന്റിലേക്ക് തിരിച്ചു വരുമെന്നും ബദ്രീനാഥ് അഭിപ്രായപ്പെട്ടു. ഏപ്രിൽ മൂന്നാം തിയതിയാണ് ചെന്നൈ പഞ്ചാബിനെ സ്വന്തം തട്ടകത്തിൽ നേരിടുന്നത്. ആദ്യ മത്സരത്തിൽ നിന്നും കരകയറി ചെന്നൈക്ക് വിജയിക്കണമെങ്കിൽ ടീമിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.
ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കഴിഞ്ഞ തവണ പത്താം സ്ഥാനത്തേക്കു വീണതു പോലെ വലിയൊരു ദുരന്തമാണ് ചെന്നൈയെ കാത്തിരിക്കുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും താനുമായിരിക്കും ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികളെന്നു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് നേരത്തേ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ഈ കോമ്പിനേഷന്‍ അവര്‍ പരീക്ഷിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായാല്‍ ആങ്കര്‍ റോള്‍ ഏറ്റെടുത്ത് അവസാനം വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാള്‍ വേണം. ഈ റോള്‍ റുതുവില്‍ ഭദ്രമാണ്. പകരം അദ്ദേഹം ഓപ്പണറായി കളിച്ച് പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച് പുറത്തായാല്‍ ബാറ്റിങ് നിരയുടെ താളം തെറ്റും. ഓപ്പണിങ് ജോടി നല്ലൊരു തുടക്കം നല്‍കിയാല്‍ മധ്യ ഓവറുകളില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കി വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സിഎസ്‌കെയ്ക്കു സാധിക്കും. അതിനാല്‍ സഞ്ജു, മാത്രെ, റുതുരാജ് ടോപ്പ് ത്രീ തന്നെയാണ് ഇനി മുന്നോട്ടുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു ബെസ്‌റ്റെന്നു പറയാം.
ആദ്യ മത്സരത്തിൽ വെറും 6 റൺസിന് പുറത്തായ സഞ്ജു സാംസണിൽ നിന്ന് ഒരു വമ്പൻ ഇന്നിംഗ്‌സ് ചെന്നൈ ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. അമ്പാട്ടി റായുഡു ചൂണ്ടിക്കാട്ടിയതുപോലെ, കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് നിരയിൽ ഉണ്ടായ 'ഷോട്ട് സെലക്ഷൻ' പിഴവുകൾ തിരുത്തി മികച്ച സ്കോർ കണ്ടെത്തുക എന്നതാകും സിഎസ്കെയുടെ പ്രധാന വെല്ലുവിളി.
മറുഭാഗത്ത്, ഗുജറാത്ത് ടൈറ്റൻസിനെതിരെ ശുഭ്മാൻ ഗില്ലിന്റെ തന്ത്രങ്ങളെ തകർത്ത് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് എത്തുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് വളരെ ശക്തരായ ടീമാണ്. അവരെ മറികടന്ന് സഞ്ജുവിനും സംഘത്തിനും വിജയം നേടണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.