IPL 2026: റൺസ് ഓടിയെടുക്കാൻ വയ്യേ? ബോഡി ലാങ്ക്വേജിൽ പോലും മടി; റുതുരാജിനെ വട്ടം കറക്കി സഞ്ജയ് ബംഗാർ
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മോശം പ്രകടനങ്ങളിൽ ആരാധകർ നിരാശരാകുമ്പോൾ, ടീം നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗ് ശൈലി ഇപ്പോൾ വലിയ ചർച്ചയാകുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ റുതുരാജിന്റെ ബാറ്റിംഗിലെ മന്ദതയെയും ആത്മവിശ്വാസക്കുറവിനെയും ചോദ്യം ചെയ്തിരിക്കുകയാണ് മുൻ താരം സഞ്ജയ് ബംഗാർ. റുതുരാജ് ഇത്തരത്തിൽ കളിക്കുന്നത് ടീമിന് ഗുണകരമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
"റൺസ് ഓടിയെടുക്കാൻ മടി!"
റുതുരാജിന്റെ മത്സരത്തോടുള്ള സമീപനത്തിൽ താൻ അത്ഭുതപ്പെട്ടുവെന്നാണ് ബംഗാർ പറഞ്ഞത്. "റുതുരാജ് കാണിക്കുന്ന ആ ഒരു ഇന്റന്റിൽ എനിക്ക് വലിയ അത്ഭുതം തോന്നി. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ മനസ്സിലാകും, സിംഗിളുകൾക്ക് വേണ്ടി പോലും അദ്ദേഹം അത്ര കഠിനാധ്വാനം ചെയ്യുന്നില്ല. ഒന്ന് രണ്ട് റൺസാക്കി മാറ്റാൻ പറ്റിയ പന്തുകളിൽ പോലും അദ്ദേഹം അതിന് ശ്രമിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിരാട് കോഹ്‌ലിയെപ്പോലെയുള്ള ഒരു ബാറ്ററെ കുറിച്ച് ചിന്തിച്ചു നോക്കൂ. അദ്ദേഹം എത്രത്തോളം ഊർജ്ജസ്വലതയോടെയായിരിക്കും റൺസിനായി ഓടുക!" ബംഗാർ പറഞ്ഞു.

മാനേജ്‌മെന്റ് വെല്ലുവിളിക്കണം!
റുതുരാജ് നിലവിൽ ഒരു മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിൽ നിന്ന് പുറത്തുകടക്കാൻ ചെന്നൈ മാനേജ്‌മെന്റ് താരത്തെ വെല്ലുവിളിക്കണമെന്നും ബംഗാർ നിർദ്ദേശിച്ചു. "റുതുരാജ് മികച്ചൊരു ബാറ്ററാണ്, അദ്ദേഹത്തിൽ നിന്ന് നമ്മൾ വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ കളി മെച്ചപ്പെടുത്താൻ അദ്ദേഹം സ്വയം ചാലഞ്ച് ചെയ്യണം. സിഎസ്കെ മാനേജ്‌മെന്റ് ഇക്കാര്യത്തിൽ റുതുരാജിനോട് സംസാരിക്കേണ്ടതുണ്ട്. ഇത് ടീമിന് മാത്രമല്ല, ഒരു ബാറ്ററെന്ന നിലയിൽ റുതുരാജിനും ഗുണം ചെയ്യും," അദ്ദേഹം കൂട്ടിചേർത്തു.
സഞ്ജു സാംസൺ മികച്ച ഫോമിൽ തുടരുമ്പോഴും മറുഭാഗത്ത് നായകൻ റുതുരാജ് നിഴൽ മാത്രമായി മാറുന്നത് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. വരാനിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോയ്ക്ക് മുൻപ് റുതുരാജ് തന്റെ ബാറ്റിംഗ് വേഗതയും ഇന്റന്റും വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഗുജറാത്തിനെരെ സംഭവിച്ചത്
ഇന്നലെ നടന്ന ചെന്നൈ ഗുജറാത്ത് മത്സരത്തിന്റെ വിധിയിൽ സിഎസ്കെ ആരാധകർ ഒട്ടും തൃപ്തരല്ല. 20 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിനായിരുന്നു സിഎസ്കെയുടെ വമ്പൻ തോൽവി. തുടക്കം മുതലേ തകർച്ചയോടെയായിരുന്നു ചെന്നൈ നിര തുടങ്ങിയത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സഞ്ജു സാസംൺ തുടക്കത്തിലേ കൂടാരം കയറിയപ്പോൾ പിന്നാലെ വന്ന ബാറ്റർമാർക്കും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. സർഫറാസ് ഖാന് പകരം ടീമിലെത്തിയ ഉർവിൽ പട്ടേൽ ഔട്ടായതോടെ സർഫറാസിന് ഇംപാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങേണ്ടി വന്നു. മാത്രമല്ല, ഗോൾഡൻ ഡക്കായി തിരിച്ച് കയറേണ്ടിയും വന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ, നായകൻ റുതുരാജ് ഗെയ്ക്വാദ് വിക്കറ്റ് കളയാതെ ഇന്നിങ്സ് കൊണ്ടുപോയി. എന്നിരുന്നാലും, അദ്ദേഹം കൂടുതൽ പന്തുകൾ എടുത്തോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒടുക്കം 159 എന്ന ടോട്ടലിൽ ചെന്നൈയ്ക്ക് തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ആകട്ടെ, മികച്ച രീതിയിൽ ബാറ്റ് ചെയ്ത് 16.4 ഓവറിൽ 160 റൺസ് നേടി. 87 റൺസെടുത്ത സായ് സുദർശനും 39 റൺസെടുത്ത ജോസ് ബട്ട്ലറും 33 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും ടീമിന്റെ വിജയത്തിൽ നട്ടെല്ലായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications