ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനെതിരെ മുന്‍ താരം സന്ദീപ് പാട്ടീല്‍. പാക്കിസ്ഥാന് പോലൊരു എതിരാളികള്‍ക്കെതിരെ കളിക്കാനിരിക്കെ വിരാട് കോലിക്ക് എന്തിന് വിശ്രമം നല്‍കിയെന്ന് സന്ദീപ് പാട്ടീല്‍ ചോദിക്കുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കോലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.
കളിക്കാര്‍ക്ക് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ സെലക്ഷന് കമ്മറ്റി ചെയര്മാന് കൂടിയായ സന്ദീപ് പാട്ടീല്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യ പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരത്തില്‍ പ്രധാന താരത്തിന് വിശ്രമം നല്‍കിയത് കാരണമില്ലാതെയാണ്. ഇന്ത്യാ പാക് മത്സരം എല്ലായിപ്പോഴും ആരാധകര്‍ വൈകാരികമായി കാണുന്ന ഒന്നാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തില്‍ കോലിക്ക് വിശ്രമം നല്‍കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മറ്റിയെ സന്ദീപ് പാട്ടീല്‍ വിമര്‍ശിച്ചു. ഏതൊക്കെ മത്സരങ്ങളാണ് പ്രധാനപ്പെട്ടതെന്നും കളിക്കാര്‍ക്ക് വിശ്രമം നല്കേണ്ടുന്നതുമെന്നൊക്കെ സെലക്ടര്‍മാര്‍ക്ക് അറിയേണ്ടതാണ്. വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരുന്നു കോലിക്ക് വിശ്രമം നല്‍കേണ്ടിയിരുന്നത്. ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂര്ണമെന്റിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് വിരാട് കോലിക്ക് മാത്രം വിശ്രമം അനുവദിച്ചതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. 30 കളിക്കാര്‍ ഇന്ത്യയുടെ കരാര്‍ പട്ടികയിലുണ്ട്. കോലിയുടെ അത്രയും മത്സരങ്ങള്‍ കളിച്ചവര്‍ ഏഷ്യാ കപ്പില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ വിശ്രമം നല്‍കിയതെന്തിനെന്ന് മറുപടി പറയേണ്ടതുണ്ട്. രോഹിത് ശര്‍മയ്ക്ക് ഇതുപോലുള്ള ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായി തിളങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഏഷ്യാ കപ്പിലെ വിജയം ഇന്ത്യയ്ക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.