വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോമാളിത്തരം നിര്‍ത്തൂ, ഹാര്‍ദിക് പാണ്ഡ്യയെ അനുകരിക്കരുത് — തുറന്നടിച്ച് മുന്‍ സെലക്ടര്‍

മുംബൈ: ഇന്ത്യയില്‍ പലപ്പോഴും ക്രിക്കറ്റ് താരങ്ങളാണ് പുതിയ ഫാഷന്‍ തരംഗങ്ങള്‍ക്ക് തുടക്കമിടാറ്. ദേശീയ ടീമിലെത്തുന്ന യുവതാരങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഗ്രൗണ്ടിനകത്തും പുറത്തും ഇവര്‍ സ്റ്റൈലിഷായി തുടരാന്‍ കാരണവും മറ്റൊന്നല്ല. ടാറ്റൂ പതിപ്പിച്ച ശരീരം, സിക്‌സ് പാക്ക് ബോഡി, വിസ്മയിപ്പിക്കുന്ന ഹെയര്‍സ്‌റ്റൈലുകള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, ആഢംബര വാഹനങ്ങള്‍ എന്നിങ്ങനെ യുവതലമുറയെ സ്വാധീനിക്കാനുള്ള എല്ലാ ചെപ്പടി വിദ്യകളും ടീമിലെ യുവതാരങ്ങള്‍ പ്രയോഗിക്കുന്നത് കാണാം.

ചെപ്പടി വിദ്യ

ഫലമോ, വളര്‍ന്നുവരുന്ന യുവ ക്രിക്കറ്റ് കളിക്കാരും ഈ ട്രെന്‍ഡിന് പിന്നാലെ പോകുന്നു. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ സംബന്ധിച്ച് ഈ പ്രവണത നല്ലതല്ലെന്നാണ് ബിസിസിഐ മുന്‍ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടിലിന്റെ പക്ഷം. ഹാര്‍ദിക് പാണ്ഡ്യയെ അല്ല, രാഹുല്‍ ദ്രാവിഡിനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും വേണം യുവ ക്രിക്കറ്റര്‍മാര്‍ പിന്തുടരേണ്ടത്, സന്ദീപ് പാട്ടില്‍ പറയുന്നു.

പൊങ്ങച്ചം

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അണ്ടര്‍ 16 ഹാരിസ് ഷീല്‍ഡ് ഫൈനലിന് ശേഷമാണ് മുന്‍ സെലക്ടര്‍ തുറന്നടിച്ചത്. അടുത്തകാലത്തായി ഹാര്‍ദിക് പാണ്ഡ്യയാണ് ഏവരുടെയും ആരാധനാപാത്രം. കളിയെ കുറിച്ചുള്ള തെറ്റായ സന്ദേശമാണിത്. പുറംമോടിയിലുപരി ക്രിക്കറ്റിലും സ്വന്തം കളിയിലുമായിരിക്കണം വളര്‍ന്നുവരുന്ന താരങ്ങളുടെ ശ്രദ്ധ. ക്രിക്കറ്റ് കളിക്കുമ്പോള്‍ സണ്‍ക്രീം ഉപയോഗിക്കുന്നത് പോലും പൊങ്ങച്ചം കാണിക്കലാണെന്ന് സന്ദീപ് പാട്ടില്‍ അഭിപ്രായപ്പെട്ടു.

മാതൃകയാക്കരുത്

'ഞങ്ങള്‍ കളിക്കുമ്പോള്‍ വെയിലില്‍ നിന്നും രക്ഷതേടാനായി ആരും സണ്‍ക്രീമോ മറ്റു ചര്‍മ്മസംരക്ഷണ ക്രീമുകളോ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇന്ന് സ്‌കൂള്‍ തല ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ വരെ കാണാം കുട്ടികള്‍ മുഖത്ത് ക്രീം പുരട്ടി ബാറ്റു ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും ഫീല്‍ഡ് ചെയ്യുന്നതും. ഇത്തരം കോമാളിത്തരങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയെ മാതൃകയാക്കരുത്' — സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ഉദ്ദാഹരണങ്ങൾ

ക്രിക്കറ്റില്‍ പേരറിയിക്കാനാണ് ശ്രമമെങ്കില്‍ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അജിങ്ക്യ രഹാനെ പോലുള്ള ഉദ്ദാഹരണങ്ങള്‍ യുവതാരങ്ങള്‍ക്ക് മുന്നിലുണ്ടെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇന്ത്യയ്ക്കായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും കളിച്ച വലംകയ്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സന്ദീപ് പാട്ടില്‍. 1983 -ല്‍ ഇന്ത്യ കന്നി ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ ഓള്‍റൗണ്ടറായിരുന്നു ഇദ്ദേഹം. ആഭ്യന്തര തലത്തില്‍ മുംബൈ, മധ്യപ്രദേശ് ടീമുകള്‍ക്കായി പാട്ടില്‍ കളിച്ചിട്ടുണ്ട്.

Most Read: ധോണി വിരമിക്കുന്നു!! അധികം വൈകില്ല... നിര്‍ത്തുക ഈ ഫോര്‍മാറ്റില്‍, സൂചന നല്‍കി ശാസ്ത്രി

ഇന്ത്യൻ ടീമിൽ

2003 ലോകകപ്പില്‍ കെനിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. അന്ന് ചരിത്രത്തില്‍ ആദ്യമായി കെനിയ ലോകകപ്പ് സെമിയിലും എത്തി. 2012-16 കാലഘട്ടത്തിലാണ് സന്ദീപ് പാട്ടില്‍ ബിസിസിഐ സെലക്ടര്‍ പദവിയില്‍ ഇരുന്നത്.

ടീമില്‍ തിരിച്ചെത്താന്‍ ഹാര്‍ദിക് പാണ്ഡ്യ

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവുമൊടുവില്‍ രാജ്യാന്തര മത്സരം കളിച്ചത്. അന്നത്തെ കളിയില്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പോയി പാണ്ഡ്യ ശസ്ത്രക്രിയ നടത്തി.

തിരിച്ചുവരുന്നു

നിലവില്‍ പരിക്ക് മാറി ടീമില്‍ തിരിച്ചെത്താനുള്ള ഊര്‍ജ്ജിത ശ്രമം താരം നടത്തുന്നുണ്ട്. നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാര്‍ദിക് തന്നെ ആരാധകരുമായി പങ്കുവെയ്ക്കുകയുണ്ടായി. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ എ – ന്യൂസിലാന്‍ഡ് എ പരമ്പരയില്‍ ഹാര്‍ദ്ദിക്കിനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ഇന്ത്യയ്ക്ക് എതിരെ ഗെയിം പ്ലാന്‍ തയ്യാര്‍, രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ

ദൂബെയുടെ കാര്യം

ഫിറ്റ്‌നെസും കളി മികവും തെളിയിക്കാനായാല്‍ ന്യൂസിലാന്‍ഡിന് എതിരായ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തും. അഞ്ചു ട്വന്റി-20 മത്സരങ്ങളും മൂന്നുവീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. ഇതേസമയം, ഹാര്‍ദിക് തിരിച്ചെത്തിയാല്‍ ടീമില്‍ ശിവം ദൂബെയുടെ നിലനില്‍പ്പ് ഭീഷണിയിലാവും. നിലവില്‍ ഹാര്‍ദിക്കിന് പകരമാണ് ദൂബെ ടീമില്‍ കളിക്കുന്നത്.

ഗംഭീറിന്റെ പക്ഷം

ഇതേസമയം, ടീമിലെ ഓൾറൗണ്ടര്‍ സ്ഥാനം ഹാർദിക് പാണ്ഡ്യയുടെ കുത്തകയല്ലെന്ന് മുൻ ഇന്ത്യൻ താരംഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു. ടീമിൽ ഹാർദിക്കിന് 'ഫ്രീ പാസ്' നൽകരുത്. കാരണം വിരാട് കോലിയോ രോഹിത് ശർമ്മയോ അല്ല ഇദ്ദേഹം. പ്ലേയിങ് ഇലവനിൽ സുഖമായി കടന്നുവരാനുള്ളസൗകര്യം സെലക്ടർമാർ ഹാർദിക്കിന് ചെയ്തുകൊടുക്കരുത്. ടീമിലെ സ്ഥാനം ഹാർദിക് കളിച്ചു നേടണമെന്നാണ് ഗംഭീറിന്റെ പക്ഷം.

ലക്ഷ്മണിനും വിയോജിപ്പ്

ഹാർദിക് വരുന്നത് പ്രമാണിച്ച് ശിവം ദൂബെയെ ടീമിൽ നിന്നും ഒഴിവാക്കുന്നതും തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ച വിജയ് ശങ്കറെ ഇപ്പോൾ പരിഗണിക്കാത്തതിനോടും ഗംഭീർ, ലക്ഷ്മൺ തുടങ്ങിയ താരങ്ങൾക്ക് വിയോജിപ്പുണ്ട്. വിജയ് ശങ്കറെ പൂർണമായി തഴയുന്നത് ശരിയല്ല. പരിചയസമ്പത്ത് കുറഞ്ഞ സ്ക്വാഡിനെ ലോകകപ്പിന് അയച്ചത് സെലക്ടർമാരുടെ തെറ്റാണ്. ഇതിന് വിജയ് ശങ്കർ മാത്രം വിലകൊടുക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം ലക്ഷ്മൺ തുറന്നടിച്ചിരുന്നു.

സമ്മർദ്ദം കൂടും

ശിവം ദൂബെ, വിജയ് ശങ്കര്‍ പോലുള്ള താരങ്ങളോട് മത്സരിച്ച് വേണം ഹാര്‍ദിക് പാണ്ഡ്യ ടീമിലെ സ്ഥാനം ഉറപ്പാക്കേണ്ടത്. മാത്രമല്ല, ടീമിലെ ഏക ഓള്‍ റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ മാറുന്നത് താരത്തിന് മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഹാര്‍ദിക്കിനൊപ്പം മറ്റു താരങ്ങള്‍ക്കും ടീമിലെ ഓള്‍റൗണ്ടര്‍മാരായി വളരാന്‍ ബിസിസിഐ അവസരം നല്‍കണമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെടുകയുണ്ടായി.

Story first published: Saturday, January 11, 2020, 10:07 [IST]
Other articles published on Jan 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X