കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും യുവ ബാറ്റ്‌സ്മാനുമായ ബാബര്‍ അസാം അതിവേഗം മികവ് തെളിയിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി ഇതിനോടകം ബാബര്‍ മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാകിസ്താന്‍ ടീമില്‍ പ്രതീക്ഷകളേറെയാണ്.
എന്നാല്‍ ബാബര്‍ മികച്ച പ്രകടനം തുടരുമ്പോഴും പാകിസ്താന്‍ ടീമിന് തുടര്‍ച്ചയായി ജയം നേടാനാവുന്നില്ല. ഇതോടെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ബാബറിനെതിരേ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ബാബറിന്റെ അവസ്ഥ 90കളിലെ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സഹതാരങ്ങളുടെ പിന്തുണക്കുറവില്‍ 90കളില്‍ ഇന്ത്യ പല മത്സരങ്ങളും തോറ്റിരുന്നു. ഇതുപോലെയാണ് പാകിസ്താന്‍ ടീമിന്റെ അവസ്ഥയെന്നാണ് സല്‍മാന്‍ പറയുന്നത്.
'സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ബാബര്‍ അസാമിനെ താരതമ്യം ചെയ്യുകയല്ല ചെയ്യുന്നത്. അതൊരിക്കലും സാധ്യമാവുന്നതുമല്ല. എന്നാല്‍ ഇരുവരും നേരിട്ട സമാന സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. സച്ചിന്‍ തിളങ്ങുന്ന മത്സരങ്ങളില്‍ മാത്രം ടീം വലിയ സ്‌കോര്‍ നേടുന്ന അവസ്ഥ. സച്ചിന്‍ തിളങ്ങാതിരിക്കുമ്പോള്‍ ഇന്ത്യ ചെറിയ സ്‌കോറിലേക്കൊതുങ്ങി തോല്‍ക്കുന്ന അവസ്ഥ. സച്ചിന്‍ വലിയ സ്‌കോര്‍ നേടിയിട്ടും പിന്തുണ ലഭിക്കാതെ ഇന്ത്യ തോറ്റുപോയ മത്സരങ്ങളും നിരവധിയാണ്. ഇതേ അവസ്ഥയാണ് ബാബര്‍ നേരിടുന്നത്.

കഴിഞ്ഞ ആറ് മാസത്തോളമായി മുഹമ്മദ് റിസ്വാന്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ നോക്കുക. അവിടെ എല്ലാം ബാബര്‍ അസാമാണ്. അതിനാല്‍ത്തന്നെ ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് വിമര്‍ശിക്കുകയല്ല ചെയ്യേണ്ടത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അവന്‍ നന്നായി ചെയ്യുന്നുണ്ട്. ഇതൊരു ടീം മത്സരമാണ്. മികച്ച ഫലം ഉണ്ടാക്കണമെങ്കില്‍ ടീമിലെ അഞ്ചോ ആറോ താരങ്ങളെങ്കിലും തിളങ്ങേണ്ടതായുണ്ട്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ആദ്യ ഇന്നിങ്‌സില്‍ ബാബറിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 30 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാബര്‍ അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ട്. പാകിസ്താന്‍ ടീം നിലവില്‍ അമിതമായി ബാബറിനെ ആശ്രയിക്കുന്നു. ഇത് പ്രതിഭാശാലിയായ താരത്തിന് അധിക സമ്മര്‍ദ്ദം നല്‍കുകയും പ്രകടനം മോശമാവാന്‍ സാധ്യതയുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.