കറാച്ചി: പ്രമുഖ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നിട്ടും ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ പ്രഖ്യാപിച്ച ടീം ഒരു ഒന്നൊന്നര ടീം തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയും സുരക്ഷിതമെന്ന് തെളിയിക്കുന്ന താരനിരയാണ് ശ്രീലങ്കന്‍ പര്യടനത്തിലുള്ളത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരയില്‍ സമീപകാലത്തായി മികവ് തെളിയിച്ച ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ടീം യുവതാരങ്ങളുടെ പവര്‍ഹൗസാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'ഈ ഇന്ത്യന്‍ ടീം യുവതാരങ്ങളുടെ പവര്‍ഹൗസാണ്. അവരുടെ നായകനെ നോക്കുക. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയ പ്രമുഖ താരമാണ്. ഐപിഎല്ലിലെ പൃഥ്വി ഷായുടെ മികച്ച റെക്കോഡ് നമ്മളെല്ലാം കണ്ടതാണ്. ദേവ്ദത്ത് പടിക്കല്‍ ഈ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിരുന്നു. ഒരു സിക്‌സര്‍ പോലും അടിക്കാതെ 180 സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കുന്ന താരമാണ് റുതുരാജ് ജയ്ഗ്വാദ്. സഞ്ജു സാംസണ്‍,ഇഷാന്ത് ശര്‍മ എന്നീ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍മാരും അവര്‍ക്കുണ്ട്'- സല്‍മാന്‍ ബട്ട് പറഞ്ഞു.

ഇന്ത്യ നിരവധി യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ജയ്ഗ്വാദ്, നിധീഷ് റാണ, ചേതന്‍ സക്കറിയ തുടങ്ങിയവര്‍ക്കെല്ലാം ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2020ലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങിയ ദേവ്ദത്ത് ഇത്തവണ ഐപിഎല്ലില്‍ സെഞ്ച്വറി നേടി. വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
റുതുരാജ് ജയ്ഗ്വാദ് 2020ല്‍ സിഎസ്‌കെയിലൂടെ വളര്‍ന്നുവന്ന താരമാണ്. നിധീഷ് റാണ മുംബൈ ഇന്ത്യന്‍സ്,കെകെആര്‍ ടീമുകള്‍ക്കായി കളിച്ച സീസണിലെല്ലാം തിളങ്ങിയെങ്കിലും ഇപ്പോഴാണ് ആദ്യമായി വിളിയെത്തുന്നത്. 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയ ഇടം കൈയന്‍ പേസറാണ് ചേതന്‍ സക്കറിയ. ഇതില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ടി20 ലോകകപ്പിനുള്ള ടീമിലും പരിഗണന ലഭിക്കാനാണ് സാധ്യത.
ഇന്ത്യയുടെ ബൗളിങ് നിരയേയും സല്‍മാന്‍ ബട്ട് പ്രശംസിച്ചു. രണ്ട് ലെഗ് സ്പിന്നര്‍മാര്‍,ഒരു ഇടം കൈയന്‍ സ്പിന്നര്‍,ഒരു ചൈനാമാന്‍ സ്പിന്നര്‍. പേസ് നിരയില്‍ മികച്ച യുവതാരങ്ങളോടൊപ്പം ഭുവനേശ്വര്‍ കുമാറും. ടീമിന് ആവിശ്യമായ എല്ലാ വ്യത്യസ്തമായ കാര്യങ്ങളും ഇവിടെയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലും കളിച്ച് പരിചയസമ്പത്തുള്ളവരാണ് ഇവരില്‍ മികച്ചവര്‍. ഫേവറേറ്റുകളായാണ് ഇവര്‍ ഇന്ത്യയിലേക്ക് പോകുന്നത്'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.