മുംബൈ: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി ഭാര്യ സാക്ഷി സിങ് ധോണി. വിരമിക്കല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സാക്ഷി ധോണി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ഇന്ത്യന്‍ നായകന് വിരാട് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ധോണിയുടെ വിരമിക്കല്‍ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയത്.
'ആ കളി മറക്കില്ല, അന്നു രാത്രി ഫിറ്റ്നെസ് ടെസ്റ്റിലെന്നപോലെ ധോണി എന്നെ ക്രീസിലിട്ട് ഓടിക്കുകയായിരുന്നു,' 2016 ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയുമായി നടന്ന പോരാട്ട രംഗം കോലി ഓര്‍ത്തെടുത്തു. യാതൊരു കാരണവുമില്ലാതെ ധോണിയുമായുള്ള അനുഭവം കോലി പങ്കുവെയ്ക്കുമോ? ഇതാണ് ചിലരില്‍ സംശയം ഉളവാക്കിയത്. തൊട്ടുപിന്നാലെ അന്വേഷണമായി. ഒടുവില്‍ ധോണിയുടെ വിരമിക്കലിലെത്തി ഊഹാപോഹങ്ങളെല്ലാം.
ഇതിനിടയ്ക്ക് വൈകീട്ട് ഏഴു മണിയ്ക്ക് താരം വാര്‍ത്താസമ്മേളനം നടത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും ഇന്റര്‍നെറ്റില്‍ റോന്തുചുറ്റി. എന്തായാലും വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വിരാമമായി. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാര്യ സാക്ഷി സിങ് ധോണിയും ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദും പ്രതികരിച്ചു.
ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തെറ്റാണെന്നു എംഎസ്കെ പ്രസാദ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹേന്ദ്ര സിങ് ധോണി ഇതുവരെ ബിസിസിഐയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.