ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണി വിരമിച്ചതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഒന്നാമത്തെ വിക്കറ്റ് കീപ്പിങ് ചോയ്സായിരുന്നു വൃഥിമാന്‍ സാഹ. എന്നാല്‍, 33 കാരനായ സാഹ ഇപ്പോള്‍ പരിക്കെന്ന നിര്‍ഭാഗ്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്.
പരിക്കിനെ തുടര്‍ന്ന് അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സാഹയ്ക്ക് കളിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ സാഹയ്ക്ക് കളിക്കാനാവില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സാഹ പരിക്കില്‍ നിന്ന് മോചിതനാവാന്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന റിപോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളിലും പുറത്തിരിക്കേണ്ട അവസ്ഥയിലാണ് താരം.
ഇംഗ്ലണ്ട് പരമ്പര നഷ്ടമാവുമെന്നുറപ്പായ സാഹയുടെ അടുത്ത ആശങ്ക ഈ വര്‍ഷം നടക്കാനിരിക്കുന്ന ആസ്ത്രേലിയന്‍ പര്യടനവും നഷ്ടമാവുമോയെന്നതാണ്. അത് കൂടി സംഭവിച്ചാല്‍ സാഹയെ സംബന്ധിച്ച് ഏറ്റവും നിര്‍ഭാഗ്യകരമായ വര്‍ഷമായി ഈ സീസണ് മാറുമെന്നുറപ്പ്.