കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉപദേശം. ഐ പി എല്ലിന്റെ എട്ടാം സീസണ് മുമ്പായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാണ് സച്ചിന്‍ രോഹിതിനെയും കോലിയെയും മാറ്റിനിര്‍ത്തി സംസാരിച്ചത്. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഐക്കണ്‍ താരമാണ് സച്ചിന്‍.
മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പമാണ് സച്ചിന്‍ ആദ്യം സമയം ചെലവഴിച്ചത്. കൊല്‍ക്കത്തയുമായുള്ള ഉദ്ഘാടന മത്സരത്തില്‍ പുറത്തെടുക്കേണ്ട അടവുകളാണ് സച്ചിന്‍ രോഹിതിന് പറഞ്ഞുകൊടുത്തതെന്നാണ് സൂചന. ആദ്യത്തെ കളിയെക്കുറിച്ചാണ് സച്ചിന്‍ സംസാരിച്ചതെന്ന് പിന്നീട് രോഹിതും സമ്മതിച്ചു. ഐ പി എല്ലിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ ഘടകമാണ് സച്ചിന്‍ എന്ന് രോഹിത് പറഞ്ഞു.

പുതിയ കോച്ച് റിക്കി പോണ്ടിംഗിന്റെ കീഴില്‍ ആരോണ്‍ ഫിഞ്ച്, ലസിത് മലിംഗ തുടങ്ങിയവര്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു സച്ചിന്റെയും രോഹിതിന്റെയും ചര്‍ച്ച. ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഐ പി എല്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരം കൂടിയാണ് ഇത്.
ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമും കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന്റെ കളി. വിരാട് കോലിയാണ് ബാംഗ്ലൂര്‍ ടീമിന്റെ നായകന്‍. വിരമിച്ച സ്പിന്നര്‍ ഡാനിയല്‍ വെട്ടോറിയാണ് ടീമിന്റെ കോച്ച്.