മുംബൈ: സെഞ്ചുറികളുടെ രാജകുമാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഇന്നേക്ക് (നവംബര്‍ 15, ശനിയാഴ്ച) കാല്‍സെഞ്ചുറി വര്‍ഷങ്ങള്‍ തികയുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് ഇതേ ദിവസമാണ് പതിനാറുകാരനായ പൊടിപ്പയ്യന്‍ പാകിസ്താനെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയത്. ടെസ്റ്റില്‍ അരങ്ങേറിയെങ്കിലും സച്ചിന് ആദ്യ ഇന്നിംഗ്സ് കളിക്കാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീകാന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കപില്‍ ദേവ് നാല് വിക്കറ്റും പ്രഭാകര്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ സെഞ്ചുറി മികവില്‍ പാകിസ്താന്‍ 400 കടന്നു. അസ്ഹറുദ്ദീന്‍ അഞ്ചും കിരണ്‍ മോറെ നാലും ക്യാച്ചുകളെടുത്തു. മറുപടി ബാറ്റിംഗില്‍ നാലിന് 41 എന്ന നിലയില്‍ ഇന്ത്യ തകരുമ്പോഴാണ് സച്ചിന്‍ ക്രീസിലെത്തിയത്.

ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ 24 പന്തുകള്‍ നേരിട്ടു. രണ്ട് ബൗണ്ടറികളടക്കം 15 റണ്‍സായിരുന്നു അരങ്ങേറ്റ ഇന്നിംഗ്‌സില്‍ സച്ചിന്റെ സമ്പാദ്യം. സച്ചിനോടൊപ്പം അരങ്ങേറ്റം കുറിച്ച വഖാര്‍ യൂനിസ് സച്ചിനെ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. സച്ചിന്റെതടക്കം വഖാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ സിദ്ദുവു മഞ്ജരേക്കറും ഉറച്ചുകളിച്ചു. കളി സമനില. സച്ചിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.
പിന്നീടെല്ലാം ചരിത്രമാണ്. 24 വര്‍ഷങ്ങള്‍. ടെസ്റ്റിലും ഏകദിനത്തിലുമായി 663 കളികള്‍. നൂറ് സെഞ്ചുറികള്‍. റണ്‍സുകളുടെയും സെഞ്ചുറികളുടെയും മാന്‍ ഓഫ് ദ മാച്ചുകളുടെയും ലോക റെക്കോര്‍ഡുകള്‍. ലോകകപ്പ്, ഐ പി എല്‍ കിരീടം, ചാമ്പ്യന്‍സ് ലീഗ്... സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമായി വളര്‍ന്നു. 2013 നവംബറില്‍ മുംബൈയില്‍ അവസാന ടെസ്റ്റ് കളിച്ച് സച്ചിന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു.