മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. ഇതിനിടെയില്‍ നിരവധി തവണയാണ് ഡിആര്‍എസ് സംവിധാനത്തിനെതിരേ താരങ്ങള്‍ക്ക് അതൃപ്തി അറിയിക്കേണ്ടി വന്നത്. ടിം പെയ്‌ന്റെ റണ്ണൗട്ട് തേര്‍ഡ് അംപയര്‍ അനുവദിക്കാതിരുന്നത് ചര്‍ച്ചയായതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ടിം പെയ്ന്‍ പുറത്തായ കീപ്പര്‍ ക്യാച്ചിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അംപയറുടെ തെറ്റായ തീരുമാനത്തെ പുനപരിശോധനയ്ക്ക് നിര്‍ദേശിക്കുന്ന താരങ്ങള്‍ക്ക് ഡിആര്‍എസിലും നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോഴിതാ ഡിആര്‍എസിലെ പിഴവുകള്‍ക്കെതിരേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രതികരണം അറിയിച്ചിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് സച്ചിന്റെ ഡിആര്‍എസിനെതിരേ തന്റെ നിലപാട് വ്യക്തമാക്കിയത്. 'താരങ്ങള്‍ റിവ്യൂ തിരഞ്ഞെടുക്കുന്നത് ഫീല്‍ഡ് അംപയറുടെ തീരുമാനത്തില്‍ തൃപ്തിയില്ലാത്തതിനാലാണ്. ഡിആര്‍എസ് സംവിധാനത്തില്‍ സമഗ്രമായ മാറ്റത്തിന് ഐസിസി തയ്യാറാവണം. പ്രധാനമായും അംപയറുടെ തീരുമാനത്തില്‍'-എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ തന്നെ ഡിആര്‍എസ് സംവിധാനത്തെ എതിര്‍ക്കുന്ന നിലപാടാണ് സച്ചിന്‍ സ്വീകരിച്ചത്. എല്‍ബി ഡബ്ല്യു ആകുന്ന സമയത്തെ പന്തിന്റെ വ്യതിയാനം കാണിക്കുന്ന സംവിധാനം കൃത്യമായല്ലെന്നാണ് സച്ചിന്‍ നേരത്തെ തന്നെ പറഞ്ഞത്.

കൂടാതെ ബാറ്റിലെ പന്തിന്റെ ടെച്ച് പരിശോധിക്കുന്ന സംവിധാനത്തിനെതിരെയും സച്ചിന്‍ പ്രതികരിച്ചിരുന്നു. പലപ്പോഴും ഇത് തെറ്റായ വിധി സൃഷ്ടിക്കും. ബാറ്റിനടുത്തുകൂടി പന്ത് കടന്ന് പോകുമ്പോള്‍ ശബ്ദം ചില സമയങ്ങളില്‍ ഗ്രാഫില്‍ പതിയാറുണ്ട്. ഇത് തെറ്റായ വിധി സൃഷ്ടിക്കാന്‍ കാരണമാവും. പന്ത് സ്റ്റംപില്‍ തട്ടിയിട്ടും വിക്കറ്റ് വീഴാത്ത സാഹചര്യങ്ങളിലും ഔട്ട് അനുവദിക്കണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡിആര്‍എസ് നല്‍കുമ്പോള്‍ പന്ത് സ്റ്റംപില്‍ തട്ടിയാല്‍ ഔട്ട് വിധിക്കണം. പന്ത് 50 ശതമാനത്തോളം സ്റ്റംപില്‍ അടിച്ചാല്‍ മാത്രമേ ഔട്ട് വിധിക്കാന്‍ പാടുള്ളുവെന്നാണ് നിലവിലെ നിയം. എന്നാല്‍ എത്രത്തോളം പന്ത് സ്റ്റംപില്‍ അടിക്കുന്നുവെന്നതിനല്ല കാര്യമെന്നും പന്ത് സ്റ്റംപില്‍ തട്ടിയാല്‍ ഔട്ട് നല്‍കണമെന്നുമാണ് സച്ചിന്‍ പറയുന്നത്. ഡിആര്‍എസ് 100 കൃത്യമല്ല,മനുഷ്യരുടെ തീരുമാനം പോലെ അതിലും പിഴവുകള്‍ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സച്ചിന്റെ കാലത്ത് ഡിആര്‍എസ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ സച്ചിന്റെ കരിയറിലെ സെഞ്ച്വറികളുടെ എണ്ണം ഇതിലും ഉയര്‍ന്നേനെ. നിരവധി തവണയാണ് സച്ചിന്‍ അംപയറുടെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് പുറത്തായത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും ആദ്യം ഡിആര്‍എസിനെ എതിര്‍ത്തിരുന്നു. പിന്നീട് ഏറ്റവും മികച്ച രീതിയില്‍ ഡിആര്‍എസ് സംവിധാനത്തെ പ്രയോജനപ്പെടുത്തിയ നായകനായി അദ്ദേഹം മാറി.