
ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് അടുത്തിടെ സച്ചില്‍ നിന്നും കോലി തട്ടിയെടുത്തിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡ് കോലിക്ക് എത്തിപ്പിടിക്കുക ദുഷ്‌കരം തന്നെയാവും.
49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമുള്‍പ്പെടെ 463 മല്‍സരങ്ങളില്‍ നിന്നും 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. എന്നാല്‍ 221 മല്‍സരങ്ങളില്‍ നിന്നും 39 സെഞ്ച്വറികളും 48 ഫിഫ്റ്റികളുമടക്കം 10,473 റണ്‍സാണ് കോലി നേടിയത്. 2008ല്‍ ദേശീയ ടീമിലെത്തിയ താരം 10 വര്‍ഷം കൊണ്ടാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 30കാരനായ അദ്ദേഹത്തിന് ചുരുങ്ങിയത് അഞ്ചോ, ആറോ വര്‍ഷം കൂടി മാത്രമേ കളിക്കളത്തില്‍ തുടരാനാവൂ. ഇക്കാലം കൊണ്ട് കോലിക്ക് ഇത്രയുമധികം റണ്‍സെടുക്കുക ദുഷ്‌കരമാവും.

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്
ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡും കോലിക്ക് സ്വപ്‌നമായി തുടരാനാണ് സാധ്യത. 200 ടെസ്റ്റുകളില്‍ കളിച്ച ഏക താരമായ അദ്ദേഹം 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റണ്‍സാണ് നേടിയത്.
അതേസമയം, 77 ടെസ്റ്റുകളില്‍ നിന്നായി 6613 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിന് ഇനിയും 10,000ത്തിനു മുകളില്‍ റണ്‍സ് എടുക്കേണ്ടതുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലെയും മല്‍സരാധിക്യവും ക്യാപ്റ്റന്‍സിയുടെ അമിത ചുമതലയുമെല്ലാമുള്ള കോലിക്ക് അതുകൊണ്ടു തന്നെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞേക്കില്ല.

കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍
16ാം വയസ്സില്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച സച്ചിന്‍ 200 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാല്‍ സച്ചിനേക്കാള്‍ വൈകിയാണ് കോലി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇതുവരെ 77 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
ടി20 മല്‍സരങ്ങള്‍ കൂടിയുള്ളതിനാല്‍ കോലിക്ക് 200 ടെസ്റ്റുകളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന്റെ കാലത്ത് ഇന്ത്യക്കു ടെസ്റ്റും ഏകദിനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സച്ചിന്റെ കരിയറിന്റെ അവസാന കാലത്താണ് ടി20 മല്‍സരങ്ങളുടെ വരവ്.


Click it and Unblock the Notifications