മുംബൈ: മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ബാറ്റിംഗ് കോച്ചാക്കാന്‍ ബി സി സി ഐക്ക് താല്‍പര്യമുണ്ടായിരുന്നു എന്ന് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി. എന്നാല്‍ ഈ ഓഫര്‍ രവി ശാസ്ത്രി നിരസിച്ചു. മിഡ് ഡേയോട് സംസാരിക്കവേയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് സംബന്ധിച്ച് രവി ശാസ്ത്രിയും ഗാംഗുലിയും വലിയ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
ബൗളിംഗ് കോച്ചിനെ തിരഞ്ഞെടുക്കുന്നത് പ്രധാന പരിശീലകന്‍ അനില്‍ കുംബ്ലയുടെ തീരുമാന പ്രകാരമായിരിക്കും എന്നും ഗാംഗുലി പറഞ്ഞു. ബൗളിംഗ് കോച്ചിനെ തിരഞ്ഞെടുക്കുന്നതില്‍ സച്ചിനോ ലക്ഷ്മണോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കുംബ്ലെ തന്നെ ഒരു ബൗളറാണ്. ചിലപ്പോള്‍ ഒരു ഫാസ്റ്റ് ബൗളര്‍ പരിശീലകനെ കുംബ്ലെ ആവശ്യപ്പെട്ടേക്കും. അത് ആരായിരിക്കണമെന്നത് കുംബ്ലെയുടെ താല്‍പര്യമാണ്.

ജൂലൈ എട്ടിനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരാജാവ് എന്ന് വിളിക്കപ്പെടുന്ന ഗാംഗുലിയുടെ നാല്‍പ്പത്തി നാലാം പിറന്നാള്‍. താരങ്ങളും സുഹൃത്തുകളും അടക്കമുള്ള പ്രമുഖരെല്ലാം ഗാംഗുലിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ലോര്‍ഡ്‌സില്‍ ടീ ഷര്‍ട്ട് വീശിയത് പോലെ ഇന്ത്യയുടെ വിജയക്കൊടി പാറിക്കാന്‍ സാധിക്കട്ടെ എന്നായിരുന്നു വീരേന്ദര്‍ സേവാഗിന്റെ വക ആശംസ. അനില്‍ കുംബ്ലെ, ഹര്‍ഷ ഭോഗ്ലെ, അനുരാഗ് താക്കൂര്‍ തുടങ്ങിയ പ്രമുഖരും ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്നു.