കറാച്ചി: വിരമിച്ച കളിക്കാരുടെ പ്രദര്‍ശന മത്സരം കളിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും അടങ്ങുന്ന ഇന്ത്യന്‍ സംഘം പാകിസ്താനിലേക്ക് പോകുന്നതായി സൂചന. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പേരില്‍ പാകിസ്താനില്‍ കളിക്കാന്‍ അന്താരാഷ്ട്ര ടീമുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രദര്‍ശന മത്സരം സംഘടിപ്പിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.
2009 ല്‍ പാകിസ്താനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ടീമിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിന് ശേഷം ഒരു രാജ്യവും പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. യു എ ഇയാണ് പാക് ടീമിന്റെ താല്‍ക്കാലിക ഹോം ഗ്രൗണ്ട്. പ്രധാനപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് വിശ്വാസം തിരിച്ചുപിടിക്കലാണ് പാക് ബോര്‍ഡിന്റെ പദ്ധതി.

സച്ചിനും ദ്രാവിഡും ഉള്‍പ്പെടെയുള്ള റിട്ടയേര്‍ഡ് താരങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു ടീമിനെ സംഘടിപ്പിക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി ഉറപ്പുതന്നതായി പാക് ക്രിക്കറ്റ് ചീഫ് ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇക്കാര്യവുമായി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലേദേശ് തുടങ്ങിയ രാജ്യങ്ങളില്‍ താന്‍ സഞ്ചരിച്ചതായും ഖാന്‍ പറഞ്ഞു. ബംഗ്ലാദേശും ശ്രീലങ്കയും അവരുടെ അണ്ടര്‍ 19 ടീമിനെ ആയിരിക്കും അയക്കുക.
2012 ല്‍ രണ്ട് തവണ ബാംഗ്ലാദേശ് ക്രിക്കറ്റ് ടീം പാകിസ്താനില്‍ പര്യടനം നടത്താന്‍ തയ്യാറായെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. അടുത്ത എട്ട് വര്‍ഷത്തിനം ഇന്ത്യയും പാകിസ്താനും ആറ് പരമ്പരകള്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ നാലെണ്ണത്തിന് പാകിസ്താന്‍ ആതിഥ്യം വഹിക്കും. യു എ ഇയിലായിരിക്കും കളികള്‍ എന്നാണ് അറിയുന്നത്.