ചെന്നൈ: ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഇന്നിംഗ്‌സായിരുന്നു ഇത്. അഞ്ചിന് 87 എന്ന നിലയില്‍ നിന്നും ഏഴാം നമ്പറുകാരനായ ഹര്‍ദീക് പാണ്ഡ്യയ്ക്കും എട്ടാം നമ്പറുകാരനായ ഭുവനേശ്വര്‍ കുമാറിനുമൊപ്പം പൊരുതി നേടിയ ഒരു അര്‍ധസെഞ്ചുറി. എം എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ നൂറാമത്തെ അര്‍ധസെഞ്ചുറി. മുന്‍ ക്യാപ്റ്റന്റ റെക്കോര്‍ഡ് നേട്ടം കളി വിജയിച്ച് ഇന്ത്യയും ആഘോഷിച്ചു.

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാനാണ് ധോണി. 164 ഫിഫ്റ്റികളുമായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഈ പട്ടികയിലും ഒന്നാമത്. ധോണിയെ അഭിനന്ദിച്ച് സച്ചിന്‍ ട്വീറ്റും ചെയ്തു. 145 ഫിഫ്റ്റിയുമായി രാഹുല്‍ ദ്രാവിഡ്, 106 ഫിഫ്റ്റിയുമായി സൗരവ് ഗാംഗുലി എന്നീ ഇതിഹാസ താരങ്ങളും ധോണിക്ക് മുന്നിലുണ്ട്. 36കാരനായ ധോണിയുടെ പേരില്‍ 33 ടെസ്റ്റ് ഫിഫ്റ്റികളുണ്ട്. 66 എണ്ണം ഏകദിനത്തില്‍. ലോകത്തെ പ്രമുഖ ട്വന്റി 20 ബാറ്റ്‌സ്മാനാണെങ്കിലും ധോണിയുടെ പേരില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ ഉള്ളൂ.
അടുത്തിടെ സമാപിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു ധോണി. ഈ പരമ്പരയില്‍ നാല് ഇന്നിംഗ്‌സിലായി ധോണി 162 റണ്‍സടിച്ചു. ഒരിക്കല്‍ പോലും പുറത്തായിട്ടുമില്ല. അന്ന് ശരിക്കുള്ള ധോണി ഷോ വരാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്നാണ് കോച്ച് രവി ശാസ്ത്രി പറഞ്ഞത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ എണ്ണം പറഞ്ഞ ഒരു മാച്ച് വിന്നിങ് ഇന്നിംഗ്‌സുമായി ധോണിയും അത് ശരിവെക്കുകയാണ്. 88 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ധോണിയുടെ 79 റണ്‍സ്.