മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റങ്ങളുടെ പാതയിലാണ്. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമാറ്റം വിരാട് കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ കൊണ്ടുവന്നു എന്നതാണ്. നേരത്തെ തന്നെ കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും ഏകദിന നായകസ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്.
മറ്റൊരു പ്രധാന മാറ്റം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിന്റെ കടന്നുവരവാണ്. പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമിലെ സജീവ താരമായ രാഹുല്‍ സമീപകാലത്തായി ടെസ്റ്റിലും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം തേടിയെത്തിയത് രാഹുലിനെയാണ്. അജിന്‍ക്യ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇന്ത്യ നീക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. കൃത്യമായ സമയത്തെടുത്ത അനുയോജ്യമായ തീരുമാനമെന്നാണ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് സാബ കരീം പറഞ്ഞത്. 'എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയത് കൃത്യമായ സമയത്തെടുത്ത ഏറ്റവും അനുയോജ്യമായ തീരുമാനമാണ്. ഒരുപാട് ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും നടത്തിക്കാണും. എന്തായാലും ഇന്ത്യയുടെ ഭാവി നായകനാരെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയോടെയാവും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്'-സാബ കരീം പറഞ്ഞു.
നേരത്തെ പഞ്ചാബ് കിങ്‌സിനെ നയിക്കാന്‍ രാഹുലിന് അവസരം ലഭിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിനായെങ്കിലും നായകനെന്ന നിലയില്‍ മികവിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ പഞ്ചാബിന് മികച്ച ടീം ഇല്ലാതിരുന്നതും ടീമിന്റെ മോശം പ്രകടനത്തിന് കാരണമാണ്. അതുകൊണ്ട് തന്നെ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വിലകുറച്ച് കാണാനാവില്ല.
ഇന്ത്യയുടെ ഭാവി നായകനെ പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ചില പേരുകള്‍ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കാം. അതില്‍ പ്രധാന താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്താണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറാണ് റിഷഭ്. വിദേശ പിച്ചുകളിലടക്കം ബാറ്റിങ്ങില്‍ തിളങ്ങാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്. എന്നാല്‍ അല്‍പ്പം കൂടി അനുഭവസമ്പത്ത് വേണമെന്നതിനാലാവാം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭിനെ പരിഗണിക്കാതിരുന്നത്.
മറ്റൊരു താരം ശ്രേയസ് അയ്യരാണ്. ശ്രേയസ് രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചപ്പോള്‍ ഒരു തവണ പ്ലേ ഓഫിലും ഫൈനലിലും എത്തിക്കാന്‍ അദ്ദേഹത്തിനായി. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും ശ്രേയസ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. എന്നാല്‍ ടീമിലെ അഭിവാജ്യ ഘടകമായി മാറാന്‍ ശ്രേയസിനായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തെയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കാതിരുന്നത്.
ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ള നായകനാണ് രാഹുലെന്നും സാബ കരീം പറഞ്ഞു. 'ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയതും മികച്ച തീരുമാനമാണ്. കാരണം നായകന്‍ വിരാട് കോലിക്കും അവനെ വിശ്വാസമാണ്.ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. പഞ്ചാബിനൊപ്പം നായകനെന്ന നിലയില്‍ അവന്‍ ശോഭിച്ചു. രാഹുല്‍ എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടുന്നുണ്ട്'-സാബ കരീം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനം രാഹുലിനെ സംബന്ധിച്ച് കരിയറില്‍ നിര്‍ണ്ണായകമാവും.