കേപ്ടൗണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാള് വിരാട് കോലിയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. നിലയുറപ്പിച്ചാല്‍ ഏത് ബൗളറെയും പറ പറത്തുന്ന ബാറ്റിങ് ശൈലിക്കുടമയാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും ഈ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ഏതൊരു ബൗളറോട് ചോദിച്ചാലും അവരുടെ സ്വപ്ന വിക്കറ്റുകളിലൊന്ന് വിരാട് കോലി ആയിരിക്കുമെന്നുറപ്പ്. എന്നാല്‍ കോലിയുടെ വിക്കറ്റ് നേടുകയെന്നത് എളുപ്പമല്ല.
എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള കോപ്പീബുക്ക് ഷോട്ടുകളെല്ലാം അനായാസം അനുകരിക്കാന്‍ കെല്‍പ്പുള്ള കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍ തന്റെ കൈയില്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്. കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് സ്റ്റെയ്ന്. നേരിടാന്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍മാരിലൊരാള്‍ സ്റ്റെയിനാണെന്ന് കോലിയും തുറന്ന് പറഞ്ഞിട്ടുണ്ട്.
വിരാട്് കോലി ഡ്രൈവ് ഷോട്ടുകള്‍ കളിക്കാന്‍ വളരെയധികം താല്‍പ്പര്യപ്പെടുന്ന താരമാണ്. അതിനാല്‍ത്തന്നെ പന്ത് സ്വിങ് ചെയ്യിപ്പിച്ചാല്‍ ക്യാച്ച്,എല്‍ബി ഡബ്ല്യു,സൈഡ് എഡ്ജില്‍ പന്ത് തട്ടി ക്യാച്ചാവാനുള്ള സാധ്യത ഉണ്ടെന്നാണ് സ്റ്റെയിന് പറയുന്നത്. വിരാട് കോലിയുമായി ഒരു മാനസികമായ മത്സരം കളിക്കാം. ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡറെ വിന്യസിപ്പിച്ച് അവന്റെ അടുത്തേക്ക് ഞാന്‍ വരികയാണെന്ന തോന്നല്‍ ഉണ്ടാക്കും. അവന് ആ പന്തില്‍ പുള്‍ ഷോട്ട് കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കില്ല. കാരണം അത് അവന്റെ ബി ഗെയിമാണെന്നാണ് ഞാന്‍ കരുതുന്നത്.
തുടക്ക സമയത്ത് 15-20 പന്തിനുള്ളില്‍ ഏതൊരു ബാറ്റ്സ്മാനും പ്രയാസപ്പെടും. അതൊരു അവസരമായി കരുതണം.ഡ്രൈവുകള്‍ കളിക്കാന്‍ ഇഷ്ടമുള്ള കോലിക്കെതിരേ സ്വിങ്ങിങ് ബോള്‍ എറിഞ്ഞാല്‍ സൈഡ് എഡ്ജ്,എല്‍ബിഡബ്ല്യു,ക്യാച്ച് എന്നിവയിലേതെങ്കിലും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്റ്റെയിന്റെ വിലയിരുത്തല്‍.
മനോഹരമായി ഫുട് വര്‍ക്ക് ചെയ്ത് കളിക്കുന്ന താരമാണെങ്കിലും സ്വിങ്ങിങ് പന്തുകള്‍ കോലിക്ക് എന്നും വെല്ലുവിളിയാണ്. വിദേശ മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ കോലി കൂടുതല്‍ പ്രയാസപ്പെടുന്നത് സ്വിങ് ബൗളര്‍മാര്‍ക്കെതിരെയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ടിം സൗത്തിയാണ്. സ്വിങ് ബൗളറായ സൗത്തി 10 തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്.ജെയിംസ് ആന്ഡേഴ്സന് എട്ട് തവണയും പുറത്താക്കി.സ്റ്റെയിന്റെ പദ്ധതി കോലിക്കെതിരേ ഏറെക്കുറെ ഫലവത്താണ്. സ്വിങ് ബൗളര്‍മാര്‍ക്കെതിരെയാണ് കോലി കൂടുതല്‍ തവണ പുറത്തായതെന്നത് ഇതിന് ഉദാഹരണമാണ്.