T20 WC 2026: സഞ്ജു, നിങ്ങൾ പറയുന്നത് ഒന്ന് കേൾക്കൂ..!'; സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ താരം
ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. സഞ്ജുവിന്റെ ബാറ്റിംഗിൽ ഗുരുതരമായ സാങ്കേതിക പിഴവുകളുണ്ടെന്നും അത് തിരുത്താൻ താരം തയ്യാറാവുന്നില്ലെന്നുമാണ് ബദരീനാഥിന്റെ ആരോപണം. സിംബാബ്‌വെയ്‌ക്കെതിരെ 15 പന്തിൽ 24 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും സഞ്ജു പുറത്തായ രീതിയാണ് ബദരീനാഥിനെ ചൊടിപ്പിച്ചത്.
'മൂന്ന് സ്റ്റമ്പും കാണിച്ചുകൊടുക്കുന്നു'
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരീനാഥ് സഞ്ജുവിനെതിരെ രംഗത്തെത്തിയത്. "സഞ്ജു സിംബാബ്‌വെയ്‌ക്കെതിരെ നല്ല തുടക്കം നൽകി, അത് കാണാൻ ഗാലറിയിലെ ആരാധകർക്ക് സന്തോഷമായിരുന്നു. എന്നാൽ സാങ്കേതികമായി അദ്ദേഹം ഇപ്പോഴും തെറ്റായ പാതയിലാണ്. പന്തിൽ നിന്ന് അകന്നുമാറി ലെഗ് സൈഡിലേക്ക് നീങ്ങുമ്പോൾ താരം തന്റെ മൂന്ന് സ്റ്റമ്പുകളും ബൗളർക്ക് കാണിച്ചു കൊടുക്കുകയാണ്. ഇതൊരു വലിയ പിഴവാണ്. ചെറുപ്പം മുതൽക്കേ ബാറ്റർമാരെ പഠിപ്പിക്കുന്നത് സ്റ്റമ്പുകൾ കാണിച്ചുകൊടുക്കരുത് എന്നാണ്," ബദരീനാഥ് പറഞ്ഞു. കോച്ചുകൾ പറയുന്നത് സഞ്ജു കേൾക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജു ടീമിൽ വേണം, പക്ഷേ മാറ്റങ്ങൾ വേണ്ട
സഞ്ജുവിന്റെ സാങ്കേതികതയെ വിമർശിക്കുമ്പോഴും ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് ബദരീനാഥ് സമ്മതിക്കുന്നു. "സഞ്ജുവിനെ ഓപ്പണറാക്കിയതോടെ ടോപ്പ് ഓർഡറിൽ ഒരു വലംകൈയൻ-ഇടംകൈയൻ സഖ്യമുണ്ടായി. അത് ഇന്ത്യക്ക് ഗുണം ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ കണ്ട ബാറ്റിംഗ് ഓർഡർ മികച്ചതാണ്. ഇനി അത് മാറ്റരുത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലും ഇതേ ഇലവനെ തന്നെ നിലനിർത്തണം. അമിത പരീക്ഷണങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിനയായത്," ബദരീനാഥ് വ്യക്തമാക്കി.
വിൻഡീസ് പോരാട്ടം നിർണ്ണായകം
മാർച്ച് ഒന്നിന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ സഞ്ജുവിന്റെ സാങ്കേതികതയേക്കാൾ ടീമിന്റെ വിജയത്തിനാണ് മുൻഗണന. ഇഷാൻ കിഷൻ മൂന്നാം നമ്പറിലും തിലക് വർമ്മ ആറാം നമ്പറിലും ബാറ്റ് ചെയ്യുന്നത് ടീമിന് ബാലൻസ് നൽകുന്നുണ്ട്. ബദരീനാഥ് ചൂണ്ടിക്കാട്ടിയ സാങ്കേതിക പിഴവുകൾ വിൻഡീസ് പേസർമാർക്ക് മുന്നിൽ സഞ്ജുവിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വെസ്റ്റ് ഇന്റീസിനെതിരായ പോരാട്ടം സത്യത്തിൽ ഒരു വെർച്വൽ ക്വാർട്ടർ ഫൈനൽ തന്നെയാണ്. ജയിക്കുന്നവർ സെമിയിലേക്ക് കടക്കും. തോൽക്കുന്നവർ പുറത്താകും. ഇത് വല്ലാത്ത ആവേശമാണ് ക്രിക്കറ്റ് പ്രേമികൾക്ക് നൽകുന്നത്. ഒരു നോക്ക് ഔട്ട് മത്സരത്തിന്റെ എല്ലാ സാങ്കേതികതകളും പ്രകടമായ മത്സരമാണ് ഇത്. ശക്തരായ ഇന്ത്യയും വെസ്റ്റ് ഇന്റീസും ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പമായിരിക്കും എന്നതാണ് ആകാംഷ നിറഞ്ഞ കാര്യം. ടി20 ലോകകപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയെ വിന്റീസ് മൂന്ന് തവണ തോൽപ്പിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ലോകപോരിൽ ഇന്ത്യയ്ക്ക് വിജയം നേടാനായത്. എന്നാൽ, ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇന്റീസിനെതിരെ ഇന്ത്യ അപരാചിതരാണ് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications