പിച്ച് ചതിച്ചു, മനസ്സിലാക്കാൻ പറ്റിയില്ല! മെല്ലെപ്പോക്കിൽ വിശദീകരണവുമായി റുതുരാജ്; ന്യായീകരണവുമായി ഫ്ലെമിംഗും
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് എവിടെയാണ് പിഴച്ചത്? 220 റൺസ് വരെ സ്കോർ ചെയ്യാൻ സാധ്യതയുണ്ടായിരുന്ന റെഡ് സോയിൽ പിച്ചിൽ ചെന്നൈ ബാറ്റർമാർ വിയർത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും. തന്റെ സ്ലോ ബാറ്റിംഗിനെക്കുറിച്ചുള്ള വിമർശനങ്ങൾ അസ്ഥാനത്താണെന്നും പിച്ചിന്റെ സ്വഭാവം ആക്രമിച്ചു കളിക്കാൻ അനുവദിക്കുന്ന ഒന്നായിരുന്നില്ലെന്നും റുതുരാജ് തുറന്നടിച്ചു.
"പന്തിന്റെ ബൗൺസ് പ്രവചനാതീതമായിരുന്നു!" - റുതുരാജ്
മത്സരശേഷം തന്റെ ബാറ്റിംഗ് പ്രകടനത്തെ വിശകലനം ചെയ്തുകൊണ്ട് റുതുരാജ് പറഞ്ഞത് ഇങ്ങനെയാണ്: "തുടക്കത്തിൽ ബാറ്റിംഗ് അത്യന്തം ദുഷ്കരമായിരുന്നു. പന്തിന്റെ ബൗൺസിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ, ഇന്ന് ഈ ട്രാക്ക് എങ്ങനെ പെരുമാറുമെന്ന് ഞങ്ങൾക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഞാൻ അക്രമിച്ചു കളിക്കാൻ തന്നെയാണ് ഓരോ പന്തിലും ശ്രമിച്ചത്. എന്നാൽ പന്തിന് വേഗത കുറവായതും പിച്ചിന്റെ അപ്രതീക്ഷിത സ്വഭാവവും ഷോട്ടുകൾ പായിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണത് ഞങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി. 20-30 റൺസ് കൂടി അധികം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു."
തുടർച്ചയായ വിക്കറ്റ് വീഴ്ചകൾ ഉണ്ടായപ്പോൾ തനിക്ക് ഷോട്ടുകൾക്ക് മുതിരാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടി വന്നത് ടീമിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ള നീക്കമായിരുന്നുവെന്നും റുതുരാജ് കൂട്ടിച്ചേർത്തു.

ന്യായീകരണവുമായി ഫ്ലെമിംഗും; "ആദ്യ 10 ഓവർ വിധി നിർണ്ണയിച്ചു"
പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും നായകന്റെ വാക്കുകളെ ശരിവെക്കുന്ന നിലപാടാണ് സ്വീകരിച്ചത്. "ഇതൊരു വലിയ ഒഴികഴിവായി ആരും കാണരുത്, എങ്കിലും ആദ്യ 10 ഓവറിലെ സാഹചര്യങ്ങൾ ബാറ്റിംഗിന് അത്ര എളുപ്പമായിരുന്നില്ല. പിച്ചിന്റെ മന്ദത ഞങ്ങളെ വലിയ രീതിയിൽ ബാധിച്ചു. ആ പത്ത് ഓവറുകളിൽ സ്കോറിംഗിൽ പിന്നിലായതോടെ കളിയിലുടനീളം ഞങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. കളിയിലുടനീളം ഞങ്ങൾ ഗുജറാത്തിന് പിന്നിലായിരുന്നു എന്നതാണ് വാസ്തവം. പോസിറ്റീവ് മനോഭാവം കൈവിടാതെ മുന്നോട്ട് പോകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു ചുവട് മുന്നോട്ട്, ഒരു ചുവട് പിന്നോട്ട് എന്ന നിലയിലാണ് നിലവിൽ ഞങ്ങളുടെ യാത്ര. അടുത്ത മത്സരത്തിൽ പഴയ കരുത്തോടെ തിരിച്ചുവരാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഫ്ലെമിംഗ് പറഞ്ഞു.
ആരാധകർക്കിടയിൽ ചർച്ചയാകുന്ന 'ഇന്റന്റ്'
ഫ്ലെമിംഗും റുതുരാജും പിച്ചിനെ പഴിചാരുമ്പോഴും ആരാധകർക്കിടയിൽ അതൃപ്തി പുകയുകയാണ്. വിരാട് കോഹ്‌ലിയെപ്പോലെയുള്ള ബാറ്റർമാർ ഇത്തരം പിച്ചുകളിൽ റൺസ് ഓടിയെടുത്ത് സ്കോർ ഉയർത്തുന്നത് കണ്ട് പഠിക്കണമെന്ന സഞ്ജയ് ബംഗാറിന്റെ വിമർശനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. വരാനിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈയുടെ ബാറ്റിംഗ് നിര ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കും എന്നത് കണ്ടറിയണം. അതല്ലെങ്കിൽ, സ്വന്തം മണ്ണിൽ മുംബൈയോട് തോറ്റ് പ്ലേ ഓഫ് സാധ്യതകൾക്ക് മേൽ ചെന്നൈയ്ക്ക് കർട്ടൻ ഇടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications