ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിന്റെ തട്ടകമായ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിലെ 29ാം പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂരും പുതുമുഖ നായകന്‍ ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അതോടൊപ്പം സീസണിലെ ആദ്യ തോല്‍വിക്ക് കെകെആറിനോട് കണക്കു ചോദിക്കാനുള്ള അവസരം കൂടിയാണ് സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. സ്ഥിരതയില്ലായ്മയാണ് ഇരു ടീമിന്റയും പ്രധാന പോരായ്മ. സീസണില്‍ മുന്നോട്ടുള്ള പ്രയാണത്തിന് വിജയം അനിവാര്യമായതിനാല്‍ ഇരുടീമും രണ്ടും കല്‍പ്പിച്ച് പൊരുതുമെന്ന് തീര്‍ച്ച. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കെകെആര്‍. ഏഴ് മല്‍സരങ്ങൡ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് കെകെആറിനുള്ളത്. കെകെആറിനേക്കാള്‍ ഒരു മല്‍സരം കുറച്ചു കളിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റാണ് ബാംഗ്ലൂരിനുള്ളത്.

ആര്‍സിബിയുടെ തലവേദന ബൗളിങിലെ മൂര്‍ച്ചയില്ലായ്മ

ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരുള്‍പ്പെടുന്ന ടീമാണ് ബാംഗ്ലൂര്‍. കോഹ്‌ലിക്കു പുറമേ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും ബാംഗ്ലൂര്‍ നിരയിലുണ്ട്. എന്നാല്‍, എല്ലാ സീസണുകളെ പോലെ ഇത്തവണയും ബാംഗ്ലൂര്‍ കരകയറുന്ന ലക്ഷണമില്ല. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും പരാജയപ്പെടുന്നതും ഒരു പിശുക്കുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നതുമാണ് കോഹ ലി നയിക്കുന്ന ബാംഗ്ലൂരിന്റെ പ്രധാന തലവേദന. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ബാംഗ്ലൂരിന്റെ മല്‍സരങ്ങള്‍ വിലയിരുത്തിയാല്‍ ബൗളിങ് നിരയുടെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം കാണാനാവും. കെകെആറിനോട് തന്നെയായിരുന്നു സീസണില്‍ ആര്‍സിബിയുടെ ആദ്യ മല്‍സരം. ഏഴു വിക്കറ്റിന് 176 എന്ന പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയിട്ടും നാല് വിക്കറ്റിന് കൊല്‍ക്കത്തയോട് ബാംഗ്ലൂര്‍ പരാജയപ്പെട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയപ്പോള്‍ നാല് വിക്കറ്റിന് ജയം ബാംഗ്ലൂരിനൊപ്പം നിന്നു. എന്നാല്‍, രാജസ്ഥാനെതിരേ ബാംഗ്ലൂര്‍ ബൗളിങ് നിര വീണ്ടും നിരാശപ്പെടുത്തി. 217 റണ്‍സാണ് ആ്ദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ബാംഗ്ലൂര്‍ വിട്ടുനല്‍കിയത്. മറുപടിയില്‍ പൊരുതി നോക്കിയെങ്കിലും 19 റണ്‍സിന് മല്‍സരം കൈവിട്ടു. മുംബൈ ഇന്ത്യന്‍സിനോടും സമാനമായിരുന്നു ബാംഗ്ലൂര്‍ ബൗളിങ് നിര. 213 റണ്‍സാണ് ആര്‍സിബി വഴങ്ങിയത്. മല്‍സരത്തില്‍ 46 റണ്‍സിന്റെ തോല്‍വിയും സമ്മതിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സും തരക്കേടില്ലാത്ത രീതിയിലാണ് ആര്‍സിബി ബൗളിങ് നിരയെ നേരിട്ടത്. എന്നാല്‍, 175 റണ്‍സ് വിജയലക്ഷ്യം എബി ഡിവില്ലിയേഴ്‌സ് കരുത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. ചിന്നസ്വാമിയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന മല്‍സരം ബാംഗ്ലൂരിന് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. മല്‍സരശേഷം ക്യാപ്റ്റന്‍ കോഹ് ലിയുടെ പ്രസ്താവനും ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു. 205 റണ്‍സ് നേടിയിട്ടും ചെന്നൈയോട് പരാജയപ്പെട്ടതോടെ ആര്‍സിബിക്ക് തങ്ങളുടെ ബൗളിങ് നിരയെ കുറിച്ച് ഇരുത്തി ചിന്തിക്കേണ്ടിവന്നിരിക്കുകയാണ്. സീസണില്‍ മുന്നോട്ട് കുതിക്കണമെങ്കില്‍ ബൗളിങില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തേണ്ട അവസ്ഥയിലാണ് ബാംഗ്ലൂര്‍. കെകെആറിനെതിരായ മല്‍സരത്തില്‍ ബൗളിങ്‌നിരയില്‍ കോഹ്‌ലി ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപോര്‍ട്ടുകള്‍.
തോല്‍വിക്ക് വിരാമമിടണം കെകെആറിനും

ബാംഗ്ലൂരിനെ പോലെ ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള പ്രയാണത്തിന് കൊല്‍ക്കത്തയ്ക്കും ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷമാണ് കെകെആര്‍ ചിന്നസ്വാമിയിലെത്തിയിരിക്കുന്നത്. മഴക്കളിക്കൊടുവില്‍ പഞ്ചാബിനോട് ഒമ്പത് വിക്കറ്റിനും ഡല്‍ഹിയോട് 55 റണ്‍സിനുമാണ് കെകെആര്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടത്. ഹോംഗ്രൗണ്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം തട്ടകത്തില്‍ ആര്‍സിബിയെ മറികടക്കുകായെന്നത് കൊല്‍ക്കത്തയ്ക്ക് കനത്ത വെല്ലുവിളിയാവും. കാരണം, വെടിക്കെട്ട് വീരന്‍മാരായ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും മികച്ച ഫോമിലാണ്. ബാറ്റിങ്‌നിരയ്‌ക്കൊപ്പം ബൗളിങ്‌നിരയും ഫോമിലെത്തിയാല്‍ ആര്‍സിബിയെ തോല്‍പ്പിക്കുകായെന്നത് കെകെആറിന് പ്രയാസകരമായിരിക്കും. ബാറ്റിങില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നതോടൊപ്പം ആര്‍സിബിയുടെ ശക്തരായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയും ചെയ്താല്‍ മാത്രമേ കെകെആറിന് ഹാട്രിക്ക് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.
ടീം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ക്വിന്റണ്‍ ഡികോക്ക്, മനന്‍ വോഹ്‌റ, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, മന്‍ദീപ് സിങ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍, ടിം സോത്തി, ഉമേഷ് യാദവ്, യുസ് വേന്ദ്ര ചഹാല്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, സുബ്മാന്‍ ഗില്‍, പിയൂഷ് ചൗള, മിച്ചെല്‍ ജോണ്‍സന്‍, കുല്‍ദീപ് യാദവ്, ശിവാം മാവി.