ഐപിഎല്‍: എബിഡി വെടിക്കെട്ട് പാഴായി... അക്കൗണ്ട് തുറന്ന് മുംബൈ, ആര്‍സിബിക്കു തോല്‍വി തന്നെ
ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ രോഹിത്തിനും സംഘത്തിനും ജയം. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിനാണ് ആറു റണ്‍സിന് മുംബൈ ആര്‍സിബിയെ മുട്ടുകുത്തിച്ചത്. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ്
ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട മുംബൈ എട്ടു വിക്കറ്റിന് 187 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും (70*) ക്യാപ്റ്റന്‍ കോലിയുടെയും (46) ഇന്നിങ്‌സുകള്‍ ആര്‍സിബിയെ ജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചു. അഞ്ചു വിക്കറ്റിന് 181 റണ്‍സെടുത്ത് ആര്‍സിബി മല്‍സരം അടിയറവ് വയ്ക്കുകയായിരുന്നു. 41 പന്തില്‍ ആറു സിക്‌സറും നാലു ബൗണ്ടറിയുമടക്കമാണ് എബിഡി 70 റണ്‍സ് നേടിയത്. പാര്‍ഥീവ് പട്ടേലാണ് (31) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റെടുത്തു.
നേരത്തേ മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി നേടാന്‍ സാധിച്ചില്ല. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 33 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ് (38), സൂപ്പര്‍ താരം യുവരാജ് സിങ് (23), ക്വിന്റണ്‍ ഡികോക്ക് (23), എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍.
14 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 32 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സും മുംബൈയ്ക്കു കരുത്തായി. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. നാലോവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ് വേന്ദ്ര ചഹലാണ് ആര്‍സിബി ബൗളര്‍മാരില്‍ തിളങ്ങിയത്. ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

മികച്ച തുടക്കം
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിതും ഡികോക്കും ചേര്‍ന്നു മുംബൈക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു സാധിച്ചു. മികച്ച സ്‌കോറിലേക്കു മുന്നേറിയ മുംബൈക്കു കടിഞ്ഞാണിട്ടത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ്. റിവേഴ്‌സ് സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ഡികോക്ക് ചഹലിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 20 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 23 റണ്‍സാണണ് താരം നേടിയത്. മുംബൈ ഒന്നിന് 54.

രോഹിത്തിന് ഫിഫ്റ്റിയില്ല
ക്യാപ്റ്റന്‍ രോഹിത്തിന് അര്‍ഹിച്ച ഫിഫ്റ്റി രണ്ടു റണ്‍സ് മാത്രം അകലെയാണ് നഷ്ടമായത്. ഉമേഷ് യാദവാണ് മുംബൈ സ്‌കോര്‍ 87ല്‍ നില്‍ക്കെ ഹിറ്റ്മാനെ മടക്കുന്നത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ മുഹമ്മദ് സിറാജ് മികച്ചൊരു ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. 33 പന്തുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

തകര്‍ത്തടിച്ച് യുവി
ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരേ ഫിഫ്റ്റിയുമായി മിന്നി സൂപ്പര്‍ താരം യുവരാജ് സിങ് ഈ മല്‍സരത്തിലും മികച്ച രീതിയിലാണ് തുടങ്ങിയത്. ചഹലിനെതിരേ തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ സിക്‌സര്‍ പറത്തിയ യുവി സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. നേരത്തേ 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡിട്ട യുവി ഈ കളിയിലും ഇതാവര്‍ത്തിച്ചേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നാലാമത്തെ പന്തില്‍ അദ്ദേഹം പുററത്തായി. 12 പന്തില്‍ മൂന്നു സിക്‌സറുകളോടെ 23 റണ്‍സെടുത്ത യുവിയെ സിറാജാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.

തുടര്‍ച്ചയായി വിക്കറ്റുകള്‍
സൂര്യകുമാര്‍ യാദവാണ് നാലാമതായി പുറത്താവുന്നത്. ടീം സ്‌കോര്‍ 142ല്‍ വച്ചായിരുന്നു യാദവിന്റെ മടക്കം. മുംബൈയെ സമ്മര്‍ദ്ദത്തിലാക്കിയ ചഹലിനു തന്നെയായിരുന്നു ഈ വിക്കറ്റും. ചഹലിന്റെ ബൗളിങില്‍ യാദവിനെ മോയിന്‍ അലി ക്യാച്ചെടുക്കുകയായിരുന്നു. 24 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 38 റണ്‍സാണ് താരം നേടിയത് (നാലിന് 142).
അഞ്ചു റണ്‍സ് കൂടി ടീം സ്‌കോറിലേക്കു ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി മുംബൈക്കു നഷ്ടമായി. കിരോണ്‍ പൊള്ളാര്‍ഡിനെ (5) ചഹലും ക്രുനാല്‍ പാണ്ഡ്യയെ (1) ഉമേഷും മിച്ചെല്‍ മക്ലെനഗനെ (1) സിറാജുമാണ് ഔട്ടാക്കിയത്. ഇതോടെ മുംബൈ ഏഴിന് 147 റണ്‍സെന്ന നിലയിലേക്കു വീണു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications