ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ഇന്നേവരെ ആരും കാണാത്ത ബൗളിങ് ആക്ഷനുമായി ഒരു താരം ശ്രദ്ധേയനാകുന്നു. റൊമാനിയന്‍ താരമായ പാവെല്‍ ഫ്ളോറിന്‍ ആണ് ബൗളിങ് ആക്ഷന്‍ കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. യൂറോപ്യന്‍ ടി-10 ക്രിക്കറ്റ് ലീഗിനിടെ പാവലിന്റെ വിചിത്രമായ പന്തേറ് കണ്ട് അത്ഭുതപ്പെട്ടുനില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരിക്കല്‍പ്പോലും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തയാളെ പോലെയായിരുന്നു പാവലിന്റെ പന്തേറ്.
ബാറ്റ്‌സ്മാനേക്കാള്‍ ഉയരത്തിലെത്തി ബാറ്റിന് തൊട്ടുമുന്നില്‍ പിച്ച് ചെയ്യുന്ന പന്ത് അടിച്ചകറ്റുകയും പ്രയാസമാണ്. ഡ്രൂക്സ് ക്രിക്കറ്റ് ക്ലബ്ബും ക്ളൂജ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു വിചിത്രമായ രീതിയില്‍ താരം പന്തെറിഞ്ഞത്. ക്ലൂജിന്റെ താരമായ പാവെല്‍ അല്‍പം കൈമടക്കി ഉയരത്തില്‍ എറിഞ്ഞ പന്ത് ബാറ്റ്‌സ്മാന് കളിക്കുക പ്രയാസമായി. പന്ത് നിയമവിരുദ്ധമായതല്ലാത്തതിനാല്‍ അമ്പയര്‍ നോബോളും വിളിച്ചില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് ഇനിയും വ്യാപകമായി പ്രചരിക്കാത്തതിനാല്‍ കളിക്കാരുടെ നിലവാരം ഉയര്‍ന്നിട്ടില്ല. അതേസമയം, കാലിലെ വേദന ശരിയായ ആക്ഷനില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടാക്കിയെന്ന് താരം പിന്നീട് പറഞ്ഞു. പ്രൊഫഷണലി ബോഡി ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ് പാവെല്‍. ദക്ഷിണാഫ്രക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് താരം.