മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാനിരിക്കുകയാണ്. ഇരു ടീമും 1-1 തുല്യത പുലര്‍ത്തുന്നതിനാല്‍ മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര നേടുക. ടി20 പരമ്പരയില്‍ തിളങ്ങിയെങ്കിലും ആദ്യ രണ്ട് ഏകദിനത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ അവസാന മൂന്ന് വര്‍ഷവും രോഹിത് ശര്‍മയായിരുന്നു തലപ്പത്ത്. ഇത്തവണയും രോഹിത് ശര്‍മയാവുമോ തലപ്പത്തെത്തുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
അവസാന മൂന്ന് വര്‍ഷങ്ങളിലെ രോഹിതിന്റെ സിക്‌സുകളുടെ കണക്കുകള്‍ ഇങ്ങനെയാണ്. 2017ല്‍ 32 മത്സരത്തില്‍ നിന്ന് 65 സിക്‌സാണ് രോഹിത് നേടിയത്. 2018ല്‍ 42 മത്സരത്തില്‍ നിന്ന് 74 സിക്‌സും അദ്ദേഹം നേടി. 2019ല്‍ 47 മത്സരം കളിച്ച രോഹിത് 78 സിക്‌സും പറത്തിയാണ് ഈ റെക്കോഡില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത്. 2020ല്‍ കൊറോണ മഹാമാരിയെത്തുടര്‍ന്ന് ടൂര്‍ണമെന്റുകള്‍ കാര്യമായി നടന്നിട്ടില്ല. 2021ല്‍ 11 മത്സരത്തില്‍ നിന്ന് 13 സിക്‌സുകളാണ് ഇതുവരെ അദ്ദേഹം നേടിയത്.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാണ് രോഹിത്. ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനം ലഭിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. ടെസ്റ്റിലും തന്റെ ആക്രമണ ശൈലി തന്നെ പിന്തുടര്‍ന്ന് വിജയിക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്. കരിയര്‍ അവസാനിക്കുമ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പെത്താനുള്ള അവസരം രോഹിതിന് മുന്നിലുണ്ട്.
ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡുള്ളത്. യൂനിവേഴ്‌സല്‍ ബോസായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 535 സിക്‌സാണ് ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പേരുകേട്ട അഫ്രീദി 476 സിക്‌സുകളാണ് പറത്തിയത്. മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 436 സിക്‌സുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നിലവിലെ താരങ്ങളില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രോഹിതിന് പിന്നിലുള്ളത്. ന്യൂസീലന്‍ഡ് ഓപ്പണര്‍ 343 സിക്‌സാണ് നേടിയിട്ടുള്ളത്.
ഇന്ത്യക്കുവേണ്ടി 38 ടെസ്റ്റില്‍ നിന്ന് 59 സിക്‌സും 226 ഏകദിനത്തില്‍ നിന്ന് 244 സിക്‌സും 111 ടി20യില്‍ നിന്ന് 133 സിക്‌സും രോഹിത് നേടിയിട്ടുണ്ട്. 200 ഐപിഎല്ലില്‍ നിന്നായി 213 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 33കാരനായ രോഹിതിന് ഇനിയും കരിയര്‍ ബാക്കിയിരിക്കെ സിക്‌സറിലെ ഒട്ടുമിക്ക റെക്കോഡും രോഹിത് തിരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.