'ഹോട്ടലില്‍ വിവാഹ മോതിരം മറന്നു വെച്ചു, കോലിയത് പറഞ്ഞ് പരത്തി'- പഴയ ഓര്‍മ പങ്കുവെച്ച് രോഹിത്
സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ഇരുവരും തങ്ങളുടേതായ ശൈലികൊണ്ട് ക്രിക്കറ്റില്‍ സ്വന്തമായൊരു ഇടം സൃഷ്ടിച്ചവരാണ്. രോഹിത് ഓപ്പണറായി തകര്‍ക്കുമ്പോള്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് കോലി കൂടുതലും മികവ് കാട്ടുന്നത്.
ഇരുവരും തമ്മില്‍ ആദ്യം മികച്ച ബന്ധമായിരുന്നില്ലെങ്കിലും നിലവില്‍ മികച്ച സുഹൃത്തുക്കളാണ്. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള പരമ്പരയില്‍ ഹോട്ടല്‍ മുറിയില്‍ വിവാഹ മോതിരം മറന്നുവെച്ചതും വിരാട് കോലി അത് എല്ലാവരോടും പറഞ്ഞ് പരത്തിയതുമായ സംഭവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍കൂടിയായ രോഹിത് ശര്‍മ.

'ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞ് അല്‍പ്പ നാളുകളെ ആയിരുന്നുള്ളു. വിവാഹ മോതിരം എപ്പോഴും ഞാന്‍ അണിഞ്ഞിരുന്നില്ല. വൈകി എണീക്കുകയും വിമാനത്താവളത്തിലേക്ക് വൈകി എത്തുകയും ചെയ്യുന്ന മോശം സ്വഭാവം എനിക്കുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുമ്പ് സഹതാരങ്ങളോട് എന്നെ രാവിലെ വിളിക്കണമെന്നും ഡോറില്‍ തട്ടണമെന്നും പറഞ്ഞിട്ടാണ് കിടക്കാറ്.
ആ ദിവസം വളരെ വൈകി. തിരക്കിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തപ്പോള്‍ മോതിരത്തിന്റെ കാര്യം മറന്നു. ഉമേഷ് യാദവിന്റെ കൈയിലെ മോതിരം കണ്ടപ്പോഴാണ് വിവാഹ മോതിരം മറന്ന കാര്യം ഓര്‍മ്മവന്നത്. അപ്പോള്‍ തന്നെ ഹര്‍ഭജന്‍ സിങ്ങിനോട് അത് എടുത്ത് വെക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ ആ സംഭവം എല്ലാവരും അറിഞ്ഞു. വിരാട് കോലിയത് വലിയ വാര്‍ത്തയാക്കി'- രോഹിത് പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാനാവാതെ ബുദ്ധിമുട്ടിയ രോഹിത് ഓപ്പണറായ ശേഷമാണ് ടീമിന്റെ അഭിവാജ്യഘടകമായി മാറിയത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടം രോഹിതിന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത് ശര്‍മ നായകനായി തിളങ്ങിയതോടെ കോലിയെ ടി20 ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.
ഇതോടെ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയാവുകയും ഇത് എല്ലാവരും അറിയുകയും ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലൂടെ ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളെത്തിയിരുന്നു. നിലവില്‍ കളത്തില്‍ പരസ്പര സഹകരണത്തോടെയാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications