നാഗ്പൂര്‍: രണ്ട് അര്‍ധസെഞ്ചുറി, ഒരു സെഞ്ചുറി - ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 59.20 ശരാശരിയില്‍ 296 റണ്‍സ്. അവസാന കളിയിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ രോഹിത് ഐ സി സി റാങ്കിംഗിലും കുതിച്ചുചാട്ടം നടത്തി. ഏകദിന റാങ്കിംഗില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍. രോഹിത് ശര്‍മയുടെ കരിയര്‍ ബെസ്റ്റ് റാങ്കാണ് ഇത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഐ സി സി റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. 5 കളിയില്‍ 180 റണ്‍സാണ് കോലിയുടെ സംഭാവന. 5 കളികളില്‍ നാല് അര്‍ധസെഞ്ചുറികളോടെ 244 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ഈ പരമ്പരയോടെ നേട്ടമുണ്ടാക്കി. രഹാനെ ഇരുപത്തി നാലാം റാങ്കിലാണ് ഇപ്പോള്‍. കേദാര്‍ ജാദവ് മുപ്പത്തിയാറിലാണ്. ജാദവിന്റെയും കരിയര്‍ ബെസ്റ്റ് റാങ്കാണ് ഇത്.
245 റണ്‍സോടെ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ റണ്‍ സ്‌കോററായ ഡേവിഡ് വാര്‍ണര്‍ വിരാട് കോലിക്ക് പിന്നിലായി രണ്ടാം റാങ്കിലാണ്. കോലിയെക്കാള്‍ 12 പോയിന്റുകള്‍ മാത്രമേ വാര്‍ണറിന് കുറവുള്ളൂ. ഓസീസ് ടോപ് സ്‌കോററായ ആരോണ്‍ ഫിഞ്ച് ഒമ്പത് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി പതിനേഴിലെത്തി. ഇന്ത്യന്‍ ബൗളര്‍മാരില്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, ചാഹല്‍, കുല്‍ദീപ് എന്നിവര്‍ നേട്ടമുണ്ടാക്കി.